കോഴിക്കോട്:പേരാമ്പ്രയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട ചെങ്ങോട്ട് മലയിൽ കരിങ്കൽ ഖനനം നടത്താൻ സർക്കാർ വഴിവിട്ട് സഹായിച്ചു എന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു. സമരത്തിനിടെ ചെങ്ങോട്ട് മല ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കരിങ്കൽ ഖനനത്തിന് ഡെൽറ്റ റോക്സ് പ്രോഡക്റ്റ് എന്ന കമ്പനിക്ക് സർക്കാർ വഴിവിട്ട സഹായം നൽകിയെന്നാരോപിച്ചാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം നടത്തുന്നത്. ക്വാറി കമ്പനി ജില്ല ഏകജാലക ബോർഡ് മുഖേന നൽകിയ അപേക്ഷക്ക് മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ പഞ്ചായത്ത് സെക്രട്ടറി അപേക്ഷ തിരിച്ചയച്ചിരുന്നു.
കോഴിക്കോട് അനധികൃത കരിങ്കൽ ഖനനം; ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു
പേരാമ്പ്രയിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസാണ് ആക്ഷന്‍ കൗണ്‍സില്‍ ഉപരോധിക്കുന്നത്
ഇതേതുടർന്ന് കമ്പനി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും വിചാരണക്കിടെ കേസ് പിൻവലിച്ച് തെറ്റുകൾ തിരുത്തി പുതിയ അപേക്ഷ സമർപ്പിക്കുമെന്ന് കോടതിയെ ബോധ്യ പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വിപരീതമായി പഴയ അപേക്ഷ സംസ്ഥാന ഏകജാലക ബോർഡിൽ കമ്പനി സമർപ്പിച്ചുവെന്നും ഇതേതുടർന്ന് ചീഫ് സെക്രട്ടറി വിളിച്ച് ചേർത്ത ഹിയറിങ്ങിൽ വഴിവിട്ട സഹായം കമ്പനിക്ക് നൽകി എന്നും ആരോപിച്ചാണ് ആക്ഷൻ കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഉപരോധസമരം നടത്തുന്നത്. ചെങ്ങോട് മലയിലെ 100 ഏക്കറിലധികം കമ്പനി വാങ്ങിയത് മഞ്ഞൾ കൃഷി നടത്താനെന്ന പേരിൽ ആണെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിക്കുന്നുണ്ട്.