കോഴിക്കോട്:പാർലമെന്‍റ് പാസാക്കിയ നിയമം ഭരണഘടനാപരമായി നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ദി ഐഡിയ ഓഫ് ഇന്ത്യ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. എൻആർസി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായമാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം വിഷയങ്ങളിൽ സഹകരിക്കില്ലെന്ന് സംസ്ഥാന സർക്കാരിന് കേന്ദ്രത്തെ അറിയിക്കാം. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്‍റെ അടിത്തറ തകർത്തു: കപിൽ സിബൽ
പാർലമെന്‍റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാൻ സാധിക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ
ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക് പാർലമെന്‍റിന്‍റെ പ്രവർത്തനത്തെ കുറിച്ച് അറിയില്ല. അറിവുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ നടപടി ഉണ്ടാകുമായിരുന്നില്ല. ഭരണഘടനയാണ് രാജ്യത്തിന്‍റെ അടിത്തറ, അത് തകര്‍ന്നിരിക്കുകയാണ്. ജനാധിപത്യത്തിന്‍റെ നാല് തൂണുകളിൽ മൂന്നും കേന്ദ്രം തകർത്തു. നാലാം തൂണായ മാധ്യമങ്ങൾ വിരളമായാണ് അവരുടെ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിനെതിരേയുള്ള വിദ്യാർഥികളുടെ പ്രതിഷേധം രാഷ്‌ട്രീയം മുന്നോട്ടുവച്ചല്ല. വിദ്യാർഥികൾ അവരുടെ ആശങ്കകളാണ് ഉന്നയിക്കുന്നത്. വസ്‌ത്രം നോക്കിയല്ല മനോവികാരം മനസിലാക്കിയാണ് അവരെ തിരിച്ചറിയേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണഘടന വായിക്കണം. ഭരണഘടന വായിച്ച് മനസിലാക്കുന്നതിൽ വല്ല പ്രയാസവും ഉണ്ടെങ്കിൽ താൻ അദ്ദേഹത്തെ സഹായിക്കാമെന്നും കപിൽ സിബൽ പറഞ്ഞു.