കോഴിക്കോട് :മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരെ നടപടി. ഇരുവരേയും സ്ഥലം മാറ്റി. ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി.
ചീഫ് നഴ്‌സിങ് ഓഫിസറെ തിരുവനന്തപുരത്തേക്കും നഴ്‌സിങ് സൂപ്രണ്ടിനെ കോന്നി മെഡിക്കൽ കോളജിലേക്കുമാണ് സ്ഥലം മാറ്റിയത്. വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. വിശദീകരണം പോലും ചോദിക്കാതെയാണ് ഇരുവര്‍ക്കുമെതിരെ സ്ഥലം മാറ്റല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചീഫ് നഴ്‌സിങ് ഓഫിസർ ഏപ്രിലിലും നഴ്‌സിങ് സൂപ്രണ്ട് മെയ് മാസത്തിലും വിരമിക്കാനിരിക്കെയാണ് നടപടി. ഐസിയുവിൽ പീഡനത്തിന് ഇരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ 5 പേരെ ആശുപത്രിയിൽ നിന്നും നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇവരുടെ പേരുകൾ ആരാണ് പറഞ്ഞുകൊടുത്തതെന്നാണ് ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം മെഡിക്കൽ കോളജിലെത്തിയപ്പോൾ ബന്ധപ്പെട്ടവരോടെല്ലാം ചോദിച്ചത്.
യൂണിയൻ പ്രവർത്തകരായ അഞ്ച് പേരെയും സ്ഥലംമാറ്റിയതിന്‍റെ പകപോക്കലായാണ് ചീഫ് നഴ്‌സിങ് ഓഫിസർക്കും നഴ്‌സിങ് സൂപ്രണ്ടിനുമെതിരായ നടപടി എന്നാണ് ആരോപണം.ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിനുള്ളിൽ വച്ചാണ് ആശുപത്രി ജീവനക്കാരനായ വടകര സ്വദേശി ശശീന്ദ്രൻ പീഡിപ്പിച്ചത്. തൈറോയ്‌ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. യുവതിയെ ഇവിടെയെത്തിച്ചത് ഈ അറ്റൻഡറാണ്.