കോഴിക്കോട് : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരം കടവ് പാലം നാളെ ഉദ്‌ഘാടനം ചെയ്യാനിരിക്കെ, പ്രതിഷേധാത്മകമായി തുറന്നുകൊടുത്ത് ബിജെപി പ്രവർത്തകർ. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലമാണ് ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ സജീവന്‍റെ നേതൃത്വത്തിൽ തുറന്നുകൊടുത്തത്.
35 കോടി രൂപ ചിലവഴിച്ച് നിർമിച്ച എളമരം കടവ് പാലം ഉദ്ഘാടനത്തിന് കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കാതെ എട്ടുകാലി മമ്മൂഞ്ഞായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മാറിയതായി അഡ്വ. വി.കെ.സജീവൻ പറഞ്ഞു. വർഷങ്ങളായുള്ള ജനങ്ങളുടെ യാത്രാദുരിതമവസാനിപ്പിക്കാൻ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പാലം യാഥാർഥ്യമായത്.
ഉദ്‌ഘാടനത്തിന് കേന്ദ്ര പ്രതിനിധികളെ ഉൾപ്പെടുത്താതെ തികച്ചും ബിജെപി വിരുദ്ധ വേദിയാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്ന് വി.കെ സജീവൻ പറഞ്ഞു. പാര്‍പ്പിടം, കുടിവെള്ളം, റെയില്‍വേ, ടൂറിസം, റോഡ് വികസനങ്ങള്‍ക്കായി നൂറുകണക്കിന് കോടിയാണ് കേന്ദ്രസഹായമായി സംസ്ഥാനത്തിന് ലഭിച്ചത്. എന്നിട്ടും കേന്ദ്രം സഹായിക്കുന്നില്ലെന്ന നുണ പ്രചാരണമാണ് നടക്കുന്നത്. ഈ പ്രചാര വേലക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് പാലത്തിന്‍റെ ജനകീയ ഉദ്ഘാടനമെന്നും സജീവന്‍ പറഞ്ഞു.
അഡ്വ. വി.കെ സജീവന്‍റെ നേതൃത്വത്തിൽ പാലത്തിന്‍റെ ഇരുവശങ്ങളിലുമെത്തിയ ബിജെപി പ്രവർത്തകർ നാട മുറിച്ച് പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌ത് പാലത്തിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകർ പാലത്തിലൂടെ വാഹനങ്ങളുമായി കടന്നുപോയി. ഇതിനുപിന്നാലെ നാട്ടുകാരും പാലത്തിൽ പ്രവേശിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പാലത്തിൽ കയറിയ ആളുകളെ ഇറക്കി ബാരിക്കേഡുകൾ വച്ച് ഇരുവശങ്ങളും അടച്ചു.
ഉദ്‌ഘാടനം നാളെ ; എളമരം കടവ് പാലം പ്രതിഷേധാത്മകമായി തുറന്നുകൊടുത്ത് ബിജെപി