കോഴിക്കോട് : ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മലയാളികളുടെ കൊയിലാണ്ടി ബന്ധം അന്വേഷിച്ച് പൊലീസ്. ബെംഗളൂരു പൊലീസിലെ ഉദ്യോഗസ്ഥരാണ് കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമ തൃശൂർ സ്വദേശി സുബീഷ് പി വാസു, കർണാടക ബിലേക്കഹള്ളി സ്വദേശി ശിൽപ ബാബു എന്നിവരാണ് തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
മദ്യ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് ഹൈദരാബാദിലെ വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കൊയിലാണ്ടി മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ച ഇവർ വലിയ തുക സംഭാവന നൽകി ബന്ധങ്ങൾ സ്ഥാപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം.
സ്വകാര്യ സുരക്ഷ സേനയുടെ അകമ്പടിയോടെയായിരുന്നു ക്ഷേത്ര ദർശനം. രണ്ട് മാസം മുമ്പ് പല തവണ സുബീഷും ശിൽപയും കൊയിലാണ്ടിയിൽ എത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ പ്രമുഖ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ഇവർ ബന്ധങ്ങൾ സ്ഥാപിച്ചത് എന്നാണ് വിവരം. ബെംഗളൂരുവിൽ ഒന്നിലധികം തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇവർ നേരത്തെ നടത്തിയ തട്ടിപ്പുകളെല്ലാം അതത് പ്രദേശങ്ങളിൽ ബന്ധങ്ങൾ സ്ഥാപിച്ചതിന് പിന്നാലെയാണെന്നും വ്യക്തമായിട്ടുണ്ട്.