കേരളം

kerala

ETV Bharat / state

ഓണമൊരുങ്ങി; സജീവമായി ചിപ്‌സ്, ശർക്കര വരട്ടി വിപണി - ചിപ്‌സ് ഓണസദ്യ

കൊവിഡിന് ശേഷം സജീവമായ ഓണവിപണിയിൽ ചിപ്‌സിനും ശർക്കര വരട്ടിക്കും നല്ല കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ

onam kerala  banana chips for sadya  Sarkara Varatti for sadya  ചിപ്‌സ് ഓണസദ്യ  ശർക്കര വരട്ടി തയാറാക്കുന്ന വിധം  ഏത്തക്ക ചിപ്‌സ് തയാറാക്കുന്ന വിധം  വറുത്തുപ്പേരി  ശർക്കര വരട്ടി
ഓണമൊരുങ്ങി; സജീവമായി ചിപ്‌സ്, ശർക്കര വരട്ടി വിപണി

By

Published : Sep 4, 2022, 5:50 PM IST

കോഴിക്കോട്: കൊവിഡിൽ മങ്ങിയ രണ്ട് വർഷങ്ങൾക്ക് ശേഷം വന്നുചേർന്ന ഓണം ആഘോഷമാക്കുന്നതിന്‍റെ തിരക്കിലാണ് മലയാളികൾ. വറുത്തുപ്പേരിയും ശർക്കര വരട്ടിയുമാണ് വിഭവ സമൃദ്ധമായ സദ്യയെ പൊലിപ്പിക്കുന്ന താരങ്ങൾ. ഇവ രണ്ടും കടകളിൽ നിന്ന് വാങ്ങുന്നതാണ് മലയാളികളുടെ പതിവ്. അതിനാൽ ഓണക്കാലത്ത് ചിപ്‌സ് കടകളിൽ നല്ല തിരക്കാണ്.

ഓണമൊരുങ്ങി; സജീവമായി ചിപ്‌സ്, ശർക്കര വരട്ടി വിപണി

പച്ചക്കായ, മഞ്ഞൾ പൊടി, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ എന്നിവയാണ് വറുത്തുപ്പേരി തയാറാക്കാൻ വേണ്ടത്. പച്ചക്കായ തൊലികളഞ്ഞ് നീളത്തിൽ നാലായി മുറിച്ച് കട്ടിങ് മെഷീനിലേക്കിടും. മഞ്ഞൾപൊടി ചേർത്ത വെള്ളത്തിലേക്കാണ് അത് കഷണങ്ങളായി വീഴുന്നത്. ശേഷം ഊറ്റിയെടുത്ത് ചൂടായ വെളിച്ചെണ്ണയിലേക്ക് ഇടും. ആവശ്യത്തിന് ഉപ്പ് വെള്ളവും ചേർത്താൽ വറുത്തുപ്പേരി റെഡി.

നേന്ത്രക്കായ, ശര്‍ക്കര, പഞ്ചസാര പൊടിച്ചത്, നെയ്യ്, ചുക്ക്, ജീരകപ്പൊടി, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി എന്നിവയാണ് ശർക്കര വരട്ടി തയാറാക്കാൻ വേണ്ടത്. തൊലി കളഞ്ഞ നേന്ത്രക്കായ കാല്‍ ഇഞ്ച് കനത്തില്‍ നുറുക്കി മഞ്ഞള്‍ വെള്ളത്തില്‍ അൽപനേരം വയ്ക്കും. കഷണങ്ങള്‍ ഊറ്റിയെടുത്ത് ചൂടായ വെളിച്ചെണ്ണയിലേക്കിടും. പാകമായാല്‍ കോരിയെടുത്ത് പരന്ന തട്ടില്‍ പരത്തിയിടും. അതിനിടെ ശര്‍ക്കര തിളപ്പിച്ച് പാവ് തയ്യാറാക്കും. പാവ് പാകമായാല്‍ കായ കഷണങ്ങള്‍ അതിലിട്ട് ഇളക്കും. ശേഷം നെയ്യൊഴിച്ച് ഇളക്കി ചുക്ക്, ജീരകം, പഞ്ചസാര പൊടിച്ചത് എന്നിവയെല്ലാം വിതറി, വാങ്ങി വെയ്ക്കും. ചൂട് മാറുന്നതോടെ ശർക്കര വരട്ടി റെഡി.

വറുത്തുപ്പേരിയും ശർക്കര വരട്ടിയും കോഴിക്കോട്ടുകാർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്. തൂശനിലയിൽ സദ്യ വിളമ്പുമ്പോൾ ആദ്യം തന്നെ ഇവ രണ്ടും സ്ഥാനം പിടിക്കും. ഉപ്പ്, ഉപ്പേരി, വറുത്തുപ്പേരി, ശർക്കര വരട്ടി… ഇങ്ങനെയാണ് സദ്യ വിളമ്പി തുടങ്ങുക.

ഓണക്കാലമായാൽ ഇവയുടെ ഡിമാന്‍ഡ് കൂടും. നേന്ത്രക്കായയുടെ വില വർധിച്ചതോടെ ഉപ്പേരിയുടെ വിലയും കൂടിയിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ വലിയ കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ABOUT THE AUTHOR

...view details