കോഴിക്കോട്: തൂശനിലയില്‍ വറുത്തുപ്പേരിയു ശര്‍ക്കര ഉപ്പേരിയും വിളമ്പാതെ മലയാളിയുടെ ഓണസദ്യ പൂര്‍ണമാകാറില്ല. അതിനാല്‍ തന്നെ ഓണക്കാലത്ത് ഇവയുടെ നിര്‍മാണം സജീവമാകാറുമുണ്ട്. കൊവിഡ് സകല മേഖലകളേയും തകര്‍ത്തെങ്കിലും ഓണമടുത്തതോടെ കോഴിക്കോട് വറുത്തുപ്പേരി വിപണി സജീവമാണ്. ഓണക്കാലം മുന്നില്‍ കണ്ടാണ് നിര്‍മാണം. വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും കായവറുത്തതുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണയും വില കൂടുതലാണ്. 360 മുതൽ 390 രൂപ വരെയാണ് കിലോക്ക് വില. കഴിഞ്ഞ വര്‍ഷമിത് 320 മുതല്‍ 340 വരെയായിരുന്നു. എത്തക്കായയുടെ വിലവര്‍ധനായാണ് ഇതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. 52 രൂപയാണ് നിലവില്‍ ഏത്തക്കായയുടെ വില. നഗരത്തില്‍ പലയിടത്തും ശര്‍ക്കര ഉപ്പേരിക്കും വറുത്തുപ്പേരിക്കും കായവറുത്തതിനും ഒരേവിലയാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ ശര്‍ക്കര ഉപ്പേരിക്ക് വറുത്തുപ്പേരിയേക്കാള്‍ 20 കൂടുതലാണെന്ന് ഉപഭോക്താവായ രാജേഷ് പറയുന്നു.
ഓണമടുത്തു; സജീവമായി കോഴിക്കോട്ടെ വറുത്തുപ്പേരി വിപണി - ഓണക്കാലം
360 മുതൽ 390 രൂപ വരെയാണ് കിലോക്ക് വില. കഴിഞ്ഞ വര്‍ഷമിത് 320 മുതല്‍ 340 വരെയായിരുന്നു.
മേട്ടുപ്പാളയത്തുനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും ഏത്തക്കായ കൊണ്ടുവരുന്നത്. സീസണില്‍ മുന്ന് ക്വിൻറ്റൽ ഏത്തക്കായ വരെ ബേക്കറികളില്‍ വാങ്ങാറുണ്ടെന്ന് ബേക്കറി ഉടമയായ വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കച്ചവടം കുറവാണ്. ഒരു ക്വിറ്റല്‍ ഏത്തക്കായയിൽ നിന്ന് 30 കിലോ കായ വറുത്തതാണ് കിട്ടുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുവില്‍ കച്ചവടം കുറവാണ്. എന്നാല്‍ ഓണക്കാലമായതോടെ വില്‍പ്പനയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഓണം അടുക്കുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.