കേരളം

kerala

ETV Bharat / state

അയോധ്യാ കേസ് വിധി; സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് മുസ്ലീം നേതാക്കൾ - അയോധ്യാ കേസ് വിധി മുസ്ലീം നേതാക്കൾ

രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തി പകരുന്ന ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും നേതാക്കൾ

അയോധ്യാ കേസ് വിധി; സംയമനത്തോടെ അഭിമുഖീകരിക്കണമെന്ന് മുസ്ലീം നേതാക്കൾ

By

Published : Nov 8, 2019, 11:44 PM IST

Updated : Nov 9, 2019, 1:23 AM IST

കോഴിക്കോട്: പതിറ്റാണ്ടുകളായി തുടരുന്ന തര്‍ക്കഭൂമി കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉൾപ്പെടെയുള്ള മുസ്ലീം സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.

രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും അഭിമുഖീകരിക്കണം. രാജ്യത്ത് ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തി പകരുന്ന ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. മുസ്ലീങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്‍റെ മഹത്തായ പൈതൃകത്തിന്‍റെ പ്രതീകം കൂടിയാണ് ബാബരി മസ്‌ജിദ്. മസ്‌ജിദിന്‍റെയും അത് നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും ആധികാരിക രേഖകളുടെയും പിന്‍ബലത്തോടെ തന്നെ ബഹുമാപ്പെട്ട കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതാണ്. വിധിയുടെ പേരില്‍ നാടിന്‍റെ സമാധാനത്തിനും സൗഹാര്‍ദത്തിനും ഭംഗം വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തിന്‍റെയും പക്ഷത്ത് നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും മുസ്ലീം നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി. അബ്ദുള്ളക്കോയ മദനി, എം.ഐ. അബ്ദുല്‍അസീസ്, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇ.കെ. അഹമ്മദ്കുട്ടി, എ . നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പി.എ. ഫസല്‍ഗഫൂര്‍, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവരും വിധിയെ സംയമനത്തോടെ നേരിടണമെന്ന് അഭ്യർഥിച്ചു.

Last Updated : Nov 9, 2019, 1:23 AM IST

ABOUT THE AUTHOR

...view details