കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം ഗുണഭോക്താക്കൾക്ക് സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വവും ഭക്ഷ്യ സുരക്ഷയും ഉറപ്പു വരുത്തുന്ന അംഗീകാർ കാമ്പയിൻ നടപ്പിലാക്കാനൊരുങ്ങി മുക്കം നഗരസഭ. പി.എം.എ.വൈ കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി ജീവിത നിലവാരം ഉയർത്തുന്ന കേന്ദ്ര സർക്കാരിൻ്റെ അഗീകാർ കാമ്പയിനാണ് മുക്കം നഗരസഭയിൽ നൂതന മാർഗ്ഗത്തിൽ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുക്കത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് തുടക്കം - ആവാസ് യോജന പദ്ധതി
ഗുണഭോക്താക്കൾക്ക് സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വവും ഭക്ഷ്യ സുരക്ഷയും ഉറപ്പു വരുത്തുന്ന അംഗീകാർ കാമ്പയിനാണ് മുക്കം നഗരസഭ നടപ്പാക്കാനൊരുങ്ങുന്നത്
ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി എല്ലാ സീസണിലും കായ്ക്കുന്ന തേൻവരിക്ക പ്ലാവിൻ തൈകൾ പണി പൂർത്തിയായ വീടുകളുടെ മുറ്റത്ത് നട്ടു പിടിപ്പിക്കും. മണ്ണുത്തി സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകളാണ് ഗുണഭോക്താക്കൾക്ക് നൽകുക. ഇതിനായി നഗരസഭാ ചെയർമാൻ്റെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെയും നേതൃത്വത്തിലുള്ള സംഘം എല്ലാ വീടുകൾ സന്ദർശിക്കുകയും തുടർന്ന് വീടുകളിൽ അംഗീകാർ ടാഗുകൾ പതിക്കുകയും ചെയ്യും. പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിച്ച വീടുകളിൽ പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലൂടെ സൗജന്യ ഗ്യാസ് കണക്ഷനും സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സബ്സിഡി നിരക്കിലുള്ള റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവയും നൽകും.