കോഴിക്കോട്:ആവിക്കല്‍ പ്ലാന്‍റ് സമരത്തെ പിന്തുണച്ചതിന് അറസ്റ്റിലാവര്‍ അര്‍ബന്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമെന്ന് കോഴിക്കോട് സി.പി.എം ജില്ല സെക്രട്ടറി പി മോഹനന്‍. യു.എ.പി.എ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള രാജ്യദ്രോഹികളുടെ പിന്തുണയോടെയാണ് മാലിന്യ പ്ലാന്‍റിനെതിരായ സമരം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോർപ്പറേഷൻ മലിനജല സംസ്‌കരണ പ്ലാന്‍റിനെതിരെ സമരം നടക്കുന്ന ആവിക്കൽ തോടിൽ ചൊവ്വാഴ്‌ചയാണ് (ജൂലൈ 19) മൂന്നുപേർ പിടിയിലായത്. സമരത്തെ പിന്തുണച്ചെത്തി എന്നാണ് ഇവര്‍ക്കെതിരായി പൊലീസ് ആരോപണമുന്നയിച്ചത്. ഈ വിഷയത്തില്‍ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.പി.എം ജില്ല നേതാവ്.
'സി.പി.ഐ മാവോയിസ്റ്റുകള്‍ ഇസ്‌ലാമിസ്റ്റ് ലൈനില്‍':മാവോയിസ്റ്റുകൾ നടത്തുന്ന സമരത്തെയാണോ ഉത്തരവാദിത്വപ്പെട്ടവർ പിന്തുണക്കുന്നത്. സി.പി.ഐ മാവോയിസ്റ്റ്, ഇസ്‌ലാമിസ്റ്റ് ലൈനിലേക്ക് മാറുകയാണെന്ന് മാവോയിസ്റ്റ് നേതാവ് ഗണപതി തന്നെ പറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്‌ച പിടികൂടിയവരിൽ നിന്ന് വികസന പ്രവർത്തനങ്ങൾക്കെതിരായ ലഘുലേഖ പിടിച്ചെടുത്തിട്ടുണ്ട്.