കോഴിക്കോട് :കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. മണാശ്ശേരി സ്വദേശി ബാബുരാജിനെതിരെയാണ് മുക്കം പൊലീസ് (Mukkam Police) കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശി റസിയയും മറ്റ് രണ്ടുപേരും കോഴിക്കോട് വിമാനത്താവളത്തിലേക്ക് (Calicut International Airport) പോകുന്ന വഴി ഇവരുടെ കാറിനു മുകളിൽ ബാബുരാജ് പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചത് (Attempt To Burn Car By Pouring Petrol- Accused In Custody).
മുക്കത്തിന് സമീപം അഗസ്ത്യമുഴി അങ്ങാടിയിൽ വച്ചാണ് ബാബുരാജ് കാർ കത്തിക്കാൻ ശ്രമിച്ചത്. കാർ ഉടമയായ റസിയക്കൊപ്പം ഷീല എന്ന യുവതിയും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. പ്രതിയായ ബാബുരാജിന്‍റെ ആദ്യ ഭാര്യയാണ് ഷീല. ഷീല മറ്റൊരാളെ വിവാഹം കഴിച്ചതാണ് ബാബുരാജിനെ പ്രകോപിപ്പിച്ചത്.