കോഴിക്കോട്:മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷ ഉദ്യോഗസ്ഥരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് മാഞ്ഞ് പോയെന്ന് ആശുപത്രി അധികൃതര്‍. പന്ത്രണ്ട് ദിവസം മാത്രമെ ദൃശ്യങ്ങള്‍ മായാതെ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉണ്ടാകൂവെന്ന് ആശുപത്രി സൂപ്രണ്ട് പൊലീസിനെ രേഖാമൂലം അറിയിച്ചു. പന്ത്രണ്ട് ദിവസത്തിന് ശേഷം ഡിസ്‌ക്കിലെ പഴയ ദൃശ്യങ്ങള്‍ മാഞ്ഞ് പുതിയത് റെക്കോഡാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
സെപ്‌റ്റംബര്‍ 16നാണ് ആശുപത്രി സൂപ്രണ്ടിനോട് മെഡിക്കല്‍ കോളജ് പൊലീസ് സിസിടിവി ഹാര്‍ഡ് ഡിസ്‌ക്ക് ആവശ്യപ്പെട്ടത്. സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കുന്ന കാര്യത്തില്‍ ഗുരുതര വീഴ്‌ചയാണ് പൊലീസിന്‍റെ ഭാഗത്തുണ്ടായതെന്ന് വിവിധയിടങ്ങളില്‍ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്. സാധാരണ രീതിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് നിര്‍ണായക തെളിവായ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം ചെയ്യുക എന്നാല്‍ കേസിലെ പൊലീസിന്‍റെ സമീപനത്തില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.