കോഴിക്കോട്:മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷാഫലം പുറത്തുവന്നപ്പോൾ രണ്ടാം ശ്രമത്തിൽ തന്നെ കേരളത്തിൽ ഒന്നാം റാങ്ക് നേടി ആര്യ ആർഎസ്. 720 ൽ 711 മാർക്ക് നേടിയാണ് ആര്യ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത്. ദേശീയ തലത്തിൽ 23–ാം റാങ്കും പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്‌ക്കാണ്. റാങ്ക് ലിസ്‌റ്റിലെ ആദ്യ 50 പേരിലെ ഏക മലയാളി കൂടിയാണ് ആര്യ.
താമരശ്ശേരി തൂവക്കുന്നുമ്മൽ രമേഷ് ബാബുവിൻ്റെയും (എസ്.എസ്.ബി. എസ്.ഐ താമരശ്ശേരി) ഷൈമയുടെയും മകളാണ് ആര്യ. ആദ്യ നീറ്റ് പരീക്ഷയിൽ ലക്ഷ്യം കാണാതെ പോയെങ്കിലും രണ്ടാം തവണ പഠനം കഠിനമാക്കി. കഠിന ശ്രമം ഫലം കണ്ടതിൻ്റെ സന്തോഷം വീട്ടുകാരും പങ്കുവെച്ചു.
കഠിന പരിശ്രമത്തിന്‍റെ ഫലം :പ്ലസ്‌ടു വരെ താമരശ്ശേരി അൽഫോൻസ സീനിയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ആര്യയുടെ പഠനം. കഴിഞ്ഞ വർഷത്തെ പ്രവേശന പരീക്ഷയിൽ 53,000ത്തിന് അടുത്തായിരുന്നു റാങ്ക്. ചെറുപ്പം മുതലേ മനസിൽ സങ്കൽപ്പിച്ചിരുന്ന ആഗ്രഹം സഫലമാക്കാൻ പിന്നീട് രണ്ടും കൽപ്പിച്ച് ഇറങ്ങി. ശേഷം പാലാ ബ്രില്യൻ്റ്‌സിൽ പരിശീലനത്തിന് ചേർന്നു.
ഓൺലൈനായായിരുന്നു പഠനം. ഓരോ ദിവസവും നിശ്ചിത പാഠഭാഗങ്ങൾ ചിട്ടയായി തീർത്തു. പാഠഭാഗങ്ങൾ മന:പാഠമാക്കി. ഡോക്‌ടറാകണമെന്ന അതിയായ ആഗ്രഹവും ചേർന്നപ്പോൾ പരിശ്രമം തീവ്രമാക്കി. ഒടുവിൽ ഫലം വന്നപ്പോൾ തൻ്റെ ആഗ്രഹം സഫലമായതിൻ്റെ സന്തോഷത്തിലാണ് ആര്യ.