കോഴിക്കോട് :കോർപറേഷന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വീണ്ടും ഒന്നരക്കോടി രൂപ കൂടി നഷ്‌ടമായി. ലിങ്ക് റോഡ് ശാഖയിലാണ് തട്ടിപ്പ് നടന്നത്. വിവിധ പദ്ധതികൾക്ക് വിനിയോഗിക്കാൻ എസ്ബി അക്കൗണ്ടിൽ നിക്ഷേപിച്ച തുകയാണ് നഷ്‌ടമായിരിക്കുന്നത്. ഇതടക്കം 4 കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷണല്‍ ബാങ്കിൽ നടന്നത്.
നേരത്തെ 2.53 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഈ പണം പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ബാങ്ക് മാനേജർ എം പി റിജിൽ കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്ത 2.53 കോടിയോളം രൂപയാണ് കോർപറേഷന്‍റെ അക്കൗണ്ടിലേക്ക് ബാങ്ക് തിരിച്ചടച്ചത്.
പണം തട്ടിയ മാനേജർ റിജിൽ ഇപ്പോഴും ഒളിവിലാണ്. കോര്‍പറേഷന്‍റെ അക്കൗണ്ടിലെ പണം റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിനെതിരെ കോർപറേഷൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്തമേറ്റെടുത്ത് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ നടപടി.
ബാങ്ക് തട്ടിപ്പിൽ കോഴിക്കോട് കോർപറേഷന്‍റെ ഭാഗത്തും വീഴ്‌ചയുണ്ടായതായാണ് വിവരം. ബാങ്ക് ഇടപാടുകൾ കൃത്യമായി നിരീക്ഷിക്കാൻ ലോക്കൽ ഫണ്ട് ഓഡിറ്റ് നൽകിയ നിർദേശം കോർപറേഷൻ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.