കോട്ടയം: കൂട്ടുകാരുമൊത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് ട്രെയിന് തട്ടി മരിച്ചു.(Youth Died By Hitting Train In Kottayam) കോട്ടയം മഞ്ഞൂർ ഇരവിമംഗലം ലക്ഷം വീട് കോളനി കാരുവേലി പറമ്പിൽ അഭിജിത്ത് (28) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7മണിയോടെ കുറുപ്പന്തറയ്ക്കും കടുത്തുരുത്തിയ്ക്കും ഇടയിലുള്ള മള്ളിയൂർ റോഡിലെ ഓവർ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് ഇരവിമംഗലത്ത് നിന്ന് ട്രാക്കിലൂടെ കുറുപ്പന്തറ ഭാഗത്തേക്ക് നടന്നുപോകുന്നതിനിടയിൽ അഭിജിത്തിനെ ട്രെയിൻ തട്ടുകയായിരുന്നു.
ട്രെയിൻ വരുന്നത് കണ്ടപ്പോൾ സുഹൃത്തുക്കൾ ഓടി മാറിയെങ്കിലും അഭിജിത്തിന് അതിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കൊച്ചുവേളി-ശ്രീ ഗംഗ നഗർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. സുഹൃത്തുക്കളായ അഖിൽ , തോമസ് എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അഭിജിത്തിനെ കടുത്തുരുത്തി പൊലീസും, ഫയർ ഫോഴ്സും ചേർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അശ്വതി. മകൻ: അഭിലാഷ്. അച്ഛൻ : ബേബി. അമ്മ: മിനി. സഹോദരി: അഞ്ജു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിജിത്തിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.