കോട്ടയം: പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റില്‍. കുറുപ്പന്തറ സ്വദേശി വിനീത് സുരേന്ദ്രനെയാണ് (26) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഞായറാഴ്‌ച (ഒക്‌ടോബർ 9) രാത്രി 12 മണിയ്ക്കാണ് സംഭവം.
പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം; കോട്ടയത്ത് യുവാവ് അറസ്റ്റിൽ - പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി
ആരോ തന്നെ ഉപദ്രവിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അക്രമാസക്തനാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു
തന്നെ ആരോ ഉപദ്രവിക്കാൻ വരുന്നുണ്ടെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്റ്റേഷനിനകത്ത് കയറ്റി ഇരുത്തി. പിന്നാലെ അക്രമാസക്തനായ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ അസഭ്യം പറയുകയും അടുത്ത് കിടന്ന കസേര ഉപയോഗിച്ച് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ സെല്ലിൽ കയറ്റി ഇരുത്തുകയും യുവാവ് സെല്ലിന്‍റെ ഗ്രില്ല് വലിച്ചിളക്കി കേടുപാട് വരുത്തുകയും ചെയ്‌തു. ഇതിന് ശേഷമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.