കോട്ടയം : സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ(Co-operative Bank) പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്(Reserve Bank of India). 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും(Co-operative Society) പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐ ഇടപെടൽ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്‍റെ പുതിയ ഉത്തരവ്.
റിസർവ് ബാങ്കിന്‍റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.