കോട്ടയം: പ്രിൻസിപ്പൽ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി സ്ഥാനത്തിരിക്കാൻ ആർ.ബിന്ദുവിന് അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അനധികൃതമായി ഇടപെട്ട മന്ത്രി സ്ഥാനമൊഴിയണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബിന്ദു മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലാത്ത അവസ്ഥയാണുള്ളത്. ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്‌സി അംഗീകരിക്കുകയും ചെയ്‌തു. എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ലെന്നും നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നും അധികാര ദുരുപയോഗം നടത്തിയ മന്ത്രി സ്ഥാനമൊഴിയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം: പ്രിന്‍സിപ്പല്‍ നിയമനത്തില്‍ മന്ത്രി അനധികൃതമായി ഇടപെടുന്നുണ്ടെന്ന് മെയ് 17-ന് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് വിവരാവകാശ നിയമ പ്രകാരം നിലവില്‍ പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ ഇന്‍ ചാര്‍ജുമാരെ നിലനിര്‍ത്തി ഉന്നതവിദ്യാഭ്യാസ മേഖലയെ മന്ത്രി തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപികയായിരുന്ന കാലത്ത് മന്ത്രിയും ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പലായി ഇരുന്നയാളാണെന്നും അദ്ദേഹം അറിയിച്ചു.