കോട്ടയം: "കണ്ണിന്‍റെ കാഴ്‌ച മറയുന്നത് ഓര്‍മ്മയുണ്ട്, ജീവന്‍ തിരിച്ച് കിട്ടുമോയെന്ന് അപ്പോള്‍ ഭയന്നു" കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിന് സമീപമുള്ള മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് വാവ സുരേഷ്. ജനുവരി 31നാണ് കുറിച്ചിയില്‍ വെച്ച് വാവ സുരേഷിന് കരിമൂര്‍ഖന്‍റെ കടിയേല്‍ക്കുന്നത്.
പാമ്പുകടിയേറ്റ് അബോധാവസ്ഥയിലായ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
65 കുപ്പി ആന്‍റിവെനം ഡോസാണ് സുരേഷിന് നല്‍കിയത്. സാധാരണ 25 കുപ്പി ആന്‍റിവെനം ഡോസാണ് നല്‍കുന്നത്. 25 കുപ്പി ഡോസ് നൽകിയിട്ടും സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി കാണാതിരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡ് ചേർന്ന് കൂടുതൽ ഡോസ് നൽകാൻ തീരുമാനിച്ചത്.
ശരീരത്തിൽ പാമ്പിന്‍റെ വിഷം കൂടുതൽ പ്രവേശിച്ചത് മൂലമാണ് ഇത്രയധികം മരുന്ന് നൽകേണ്ടി വന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
Read More: വാവ സുരേഷിന് മൂർഖന്‍റെ കടിയേറ്റു; തീവ്രപരിചരണ വിഭാഗത്തില്‍
ഇനി മുന്‍കരുതലുകളോടെയെ പാമ്പിനെ പിടിക്കൂ. പല തവണ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ കൂടുതൽ വിഷം കയറിയതായി തോന്നിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചത്.
ഇവിടുത്തെ ഡോക്‌ടമാരുടെ ശ്രമഫലമായാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഒരുപാട് ആളുകൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്നറിഞ്ഞു. ഈ കടപ്പാട് ഒരിക്കലും തീർക്കാൻ കഴിയില്ലയെന്നും സുരേഷ് പറഞ്ഞു. മന്ത്രി വി.എൻ വാസവനും എംഎല്‍എ ജോബ് മൈക്കിളും ആശുപത്രിയിലെത്തി സുരേഷുമായി സംസാരിച്ചു. എന്നാല്‍ വാവ സുരേഷിന് നേരിയ ഒരു പനി ഒഴിച്ചാല്‍ വേറെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ
വ്യക്തമാക്കി.
ആരോഗ്യനില മെച്ചപ്പെട്ടാല്‍ തിങ്കളാഴ്‌ച തന്നെ സുരേഷിന് ആശുപത്രി വിടാമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Read More: വാവ സുരേഷിന്‍റെ ആരോഗ്യനില തൃപ്‌തികരം; വെന്‍റിലേറ്റര്‍ സഹായം തുടരുന്നു, 48 മണിക്കൂർ നിർണായകം