കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ബല്‍ക്കീസ് നവാസിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 28 അംഗ നഗരസഭയില്‍ 11 യു ഡി എഫ് അംഗങ്ങളുള്‍പ്പെടെ 18 പേര്‍ മാത്രമാണ് പങ്കെടുത്തത്. 15 വോട്ടുകളാണ് അവിശ്വാസം വിജയിക്കാന്‍ വേണ്ടിയിരുന്നത്.
ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയര്‍പേഴ്‌സണെതിരായ അവിശ്വാസം പരാജയപ്പെട്ടു എല്‍ഡിഎഫ് വോട്ട് പ്രതീക്ഷിച്ചായിരുന്നു യുഡിഎഫിന്‍റെ അവിശ്വാസ നീക്കം. എന്നാല്‍ ഇടത് അംഗങ്ങള്‍ അവിശ്വാസ ചര്‍ച്ച ബഹിഷ്‌കരിച്ചു. നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബല്‍ക്കീസ് വിട്ടുനിന്നതിനെതിരെയായിരുന്നു യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗം അബ്ദുല്‍ഖാദര്‍ ബല്‍ക്കീസ് അഴിമതി നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയത് അവിശ്വാസം സംബന്ധിച്ച് യുഡിഎഫിലെ ഭിന്നത പ്രകടമാക്കി. ചര്‍ച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നത് മുസ്ലീം ലീഗ് ആവശ്യപ്പെട്ടതുകൊണ്ടാണെന്നും സത്യം വിജയിച്ചതായും ബല്‍ക്കീസ് നവാസ് പറഞ്ഞു. അതുസംബന്ധിച്ചുള്ള വോയ്‌സ് ക്ലിപ് പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് വോട്ടെടുപ്പില്‍ തെളിഞ്ഞതായി യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ നിസാര്‍ ഖുര്‍ബാനി വ്യക്തമാക്കി. അബ്ദുല്‍ഖാദറിന്‍റെ പരാമര്‍ശം വ്യക്തിപരമായിരിക്കാമെന്നും ഖുര്‍ബാനി കൂട്ടിച്ചേര്‍ത്തു.