കോട്ടയം: ചങ്ങനാശേരി പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്കോർപിയോ കാറും പിടിച്ചെടുത്തു. പൂജാരി തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒൻപതിന് പാലമറ്റം ക്ഷേത്രത്തിൽനിന്നും തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മർദിച്ചതിനു ശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മർദിച്ചവശനാക്കി റോഡിൽ തള്ളുകയായിരുന്നു. ഇദ്ദേഹത്തെ തൃക്കൊടിത്താനം പൊലീസ് രാത്രി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ - kidnapping case
പ്രതികളിലൊരാളായ പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തിൽ രോഷാകുലരായാണ് മൂവർസംഘം പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു
ചങ്ങനാശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകലഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവീണിന്റെ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തിൽ രോഷാകുലരായാണ് മൂവർസംഘം പദ്ധതി ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ. അജീബ്, എസ്ഐമാരായ പ്രദീപ്, മോഹനൻ, എഎസ്ഐ രഞ്ജീവ്, എസ്ഐ ട്രെയിനി ജയകൃഷ്ണൻനായർ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.