കോട്ടയം: സ്‌കൂട്ടറിന്‍റെ സീറ്റിനടിയിൽ സൂക്ഷിച്ച ഒരു ലക്ഷം രൂപ മോഷണം പോയതായി പരാതി. പൈകയിൽ റബ്ബർ നേഴ്‌സറി നടത്തുന്ന ബെന്നി ഗണപതിപ്ലാക്കലിന്‍റെ പണമാണ് നഷ്‌ടമായത്. ചൊവ്വാഴ്‌ച (27.09.22) ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം.
പൈക എസ്ബിഐ ബാങ്കിൽ നിന്നും പണമെടുത്ത ശേഷം ടെലിഫോൺ ബില്ലടയ്‌ക്കാൻ ബിഎസ്എൻഎൽ ഓഫീസിൽ കയറിയ സമയത്താണ് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ മോഷണം പോയത്. ബിസിനസ് ആവശ്യങ്ങൾക്കായി നാല് ലക്ഷം രൂപയാണ് ബെന്നി ബാങ്കിൽ നിന്ന് എടുത്തത്.
ബാങ്കിൽ നിന്നും അഞ്ഞൂറിന്‍റെ നോട്ടുകളായി മൂന്നു ലക്ഷം രൂപയും, ബാക്കി ഒരു ലക്ഷത്തിന്‍റെ 200 രൂപ നോട്ടുകളുമാണ് നൽകിയത്. ബാഗ് നിറഞ്ഞതിനാൽ 200 ന്‍റെ ഒരു ലക്ഷം വരുന്ന നോട്ടുകൾ കടലാസിൽ പൊതിഞ്ഞെടുത്തു. ബാങ്ക് മാനേജരും കൂടിയാണ് പൊതിയാന്‍ സഹായിച്ചത്.
ഇത് സ്‌കൂട്ടറിൽ വയ്ക്കുകയും ചെയ്‌തു. തുടർന്ന് തൊട്ടടുത്തുള്ള ടെലിഫോൺ എക്സ്ചേഞ്ചിൽ കയറി ഫോൺ ബില്ലടയ്ക്കുന്ന സമയത്ത് സ്‌കൂട്ടറിൽ വച്ച പണം മോഷണം പോയെന്നാണ് പരാതി. ബാങ്ക് മുതൽ മോഷ്‌ടാവ് ബെന്നിയെ പിന്തുടർന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ദൃശ്യങ്ങളിൽ ബൈക്കിൽ വന്ന ആളാണ് മോഷണം നടത്തിയതെന്ന് മനസിലായെങ്കിലും മുഖം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.