കോട്ടയം :ബൈക്കിൽ കറങ്ങി അമ്പലങ്ങളിലെ കാണിക്കവഞ്ചി മോഷ്‌ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൃഷ്‌ണപുരം സ്വദേശികളായ മുഹമ്മദ് അൻവർഷാ (23), ഹരിത (28) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും ചേർന്ന് ഇടയാഴം വൈകുണ്‌ഠപുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്‌ടിക്കുകയായിരുന്നു.
മോഷണത്തെ തുടർന്ന് ലഭിച്ച പരാതിയിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്‌ടാക്കൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കുകയും ചെയ്‌തു. ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഏറ്റുമാനൂരിൽ നിന്നും ഇവരെ പിടികൂടുകയായിരുന്നു.
ഇരുവരും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. 2018 മുതല്‍ അൻവർഷായും ഹരിതയും ഒരുമിച്ചാണ് താമസം. ഇവര്‍ ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാതെ ബൈക്കിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. മോഷണം നടത്തുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അവിടെ ലോഡ്‌ജിൽ മുറിയെടുക്കുകയും മോഷണം നടത്തിയതിനുശേഷം കടന്നുകളയുകയുമാണ് പതിവ്.
Also read: 'മോഷണം വച്ചുപൊറുപ്പിക്കില്ല' ; എലിയെ കവര്‍ന്നെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്
ഇരുവർക്കും എതിരെ കായംകുളം, കുമളി, കട്ടപ്പന, കരുനാഗപ്പള്ളി, പെരുവന്താനം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ കൃഷ്‌ണൻ പോറ്റി, എസ്ഐ അജ്‌മൽ ഹുസൈൻ, സിപിഒമാരായ ജാക്‌സൺ, സാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.