കോട്ടയം:കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിലെ രണ്ട് സ്വകാര്യ പന്നി ഫാമുകളില്‍ ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഫാമുകളിലെ 181 പന്നികളെ ദയാവധം നടത്തി സംസ്‌കരിച്ചു. ജില്ലയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണ്‍ കൂടിയായ ജില്ല കലക്‌ടർ ഡോ. പികെ ജയശ്രീ അറിയിച്ചു.
ആർപ്പൂക്കരയില്‍ 31 മുതിർന്ന പന്നികളെയും ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയുമാണ് ദയാവധം നടത്തി സംസ്‌കരിച്ചത്. തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കി. മുക്കുളത്ത് 50 മുതിർന്ന പന്നികളെയും ആറ് മാസത്തിൽ താഴെയുള്ള 33 പന്നികളെയുമാണ് ദയാവധം നടത്തി സംസ്‌കരിച്ചത്.
ആർപ്പൂക്കരയിൽ ഒക്‌ടോബര്‍ 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. ഇന്നലെയാണ് ബെംഗളൂരുവില്‍ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധന ഫലം പുറത്തുവന്നത്. മുളക്കുളത്തെ ഫാമിൽ ഒക്‌ടോബര്‍ 13നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്. മുക്കുളത്തെ പരിശോധന ഫലം ലഭിച്ചത് ഇന്നാണ്.
രോഗവ്യാപന ശേഷി തടയാനുള്ള മാനദണ്ഡങ്ങള്‍ ഇങ്ങനെ: രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി. ഇവിടെനിന്ന് പന്നികൾ, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവയ്ക്കാനും ഉത്തരവായി.