കോട്ടയം : കെ ജെ ജോജിയ്ക്ക് കബഡിക്കളമെന്നാല്‍ അത്രയേറെ ജീവനാണ്. പക്ഷേ ഉപജീവനമെന്ന യാഥാര്‍ഥ്യത്തെ നേരിടേണ്ടതിനാല്‍ കളം വിട്ട് കക്ക വാരലും മീന്‍പിടുത്തവും തൊഴിലാക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. എതിരാളികളെ വിറപ്പിച്ച മുന്‍ സംസ്ഥാന കബഡി താരമാണ് കുമരകം പൊങ്ങലക്കരി കപ്പടച്ചിറ കെ.ജെ. ജോജി. വിശപ്പടക്കാനും കുടുംബം പോറ്റാനുമാണ് കബഡിക്കളം വിട്ടത്. ജീവിക്കാനുള്ള തത്രപ്പാടില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോജി പൂർണമായും കബഡിയില്‍ നിന്ന് മാറിനില്‍ക്കുകയാണ്.
വേമ്പനാട്ട് കായലിന്‍റെ തീരത്ത് ജനിച്ച ജോജിയെ പ്രദേശത്തെ മുതിര്‍ന്നവരാണ് കബഡിയുടെ പാഠങ്ങൾ പഠിപ്പിച്ചത്. എട്ടാം ക്ലാസിൽ ജില്ലാ ടീമിലെത്തിയ താരം വൈകാതെ തന്നെ സംസ്ഥാന ടീമിലും ഇടം പിടിച്ചു. കൊല്ലം സായിയിൽ പ്രവേശനം ലഭിച്ചതോടെ പ്രൊഫഷണൽ കബഡി താരമായി മാറി.
സംസ്ഥാന കബഡി അസോസിയേഷനിൽ അംഗമായി മൂന്ന് വർഷം വിവിധ സംസ്ഥാനങ്ങളിൽ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്‍റെ ടീം ക്യാമ്പിലുമുണ്ടായിരുന്നു. കളിക്കളത്തില്‍ നേട്ടം കൊയ്‌ത താരത്തിന് ഒരു ജോലി എന്ന പ്രതീക്ഷ സഫലമായില്ല. ഇതോടെയാണ് കളിക്കളത്തില്‍ നിന്നും പിന്മാറാനുള്ള തീരുമാനം.
ജീവിക്കാനുള്ള തത്രപ്പാടില്‍ കളിക്കളം വിട്ടു ; കക്ക വാരലും മീൻപിടുത്തവും ജീവിതോപാധിയാക്കി കബഡി താരം രാവിലെ കക്കവാരൽ. വൈകിട്ട് വള്ളവുമായി നടുക്കായലിലെത്തി വലയിട്ട് മീന്‍ പിടുത്തം. പുലർച്ചെ കുമരകം മാർക്കറ്റിലെത്തി ഇവയുടെ വിൽപ്പന. എന്നിങ്ങനെയാണ് ഇപ്പോള്‍ ജോജിയുടെ ദിനചര്യ. വീട്ടിലെ അലമാരയിൽ അടുക്കിവെച്ച ട്രോഫിയും സർട്ടിഫിക്കറ്റുകളും നോക്കുമ്പോള്‍ വേദന തോന്നുമെന്ന് ജോജി പറയുന്നു.
ജോജിക്ക് ഇപ്പോൾ 32 വയസ്സായി, കുടുംബവും കുട്ടിയുമായി. സ്പോർട്‌സ് കൗൺസിലിലോ ഏതെങ്കിലും സർക്കാർ വകുപ്പിലോ ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ ജോജിയ്ക്കില്ല. മറ്റ് സംസ്ഥാനങ്ങളൊക്കെ കബഡി താരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇവിടെ നിരാശയാണ് ഫലമെന്ന് ജോജി പറയുന്നു.