കോട്ടയം:ആറൻമുളയപ്പന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ തിരുവോണത്തോണി നീറ്റിലിറക്കി. കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ ബാബു ഭട്ടതിരിയാണ് തോണി യാത്ര നടത്തുന്നത്. ബുധനാഴ്ച്ച രാവിലെ 11:30 ന് കുമാരനല്ലൂരിലെ മങ്ങാട്ടില്ലത്തെ കടവിൽ നിന്നാണ് ഭട്ടതിരി തിരിച്ചത്.
മീനച്ചിലാറും വേമ്പനാട് കായലും കടന്ന് തോണി ഉത്രാടനാളിൽ കാട്ടൂര്‍ മഠത്തിലെത്തും. അവിടെനിന്നും ആറന്മുളയപ്പന് തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും മറ്റും സ്വീകരിക്കും. തുടര്‍ന്ന് 20-ാം തിയ്യതി കാട്ടൂർ ക്ഷേത്രക്കടവിൽ നിന്നും സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണി ആറന്മുളയിലേക്ക് പോവും. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരത്തിന്‍റെ ഭാഗമായാണ് യാത്ര.