കോട്ടയം : ദേവലോകത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ 'സ്‌മൃതി സുകൃതം' പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന ജില്ല പൊലീസ് മേധാവിയുടെ സന്ദേശത്തിനെതിരെ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി വിശാല വീക്ഷണം പുലര്‍ത്തണമെന്നും ഗവര്‍ണറോടുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം അനുചിതമാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
പരിപാടിയിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് ഗോവ രാജ്ഭവനിലേക്ക് കോട്ടയം ജില്ലയിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേവലോകം കാതോലിക്കേറ്റ് അരമന ഉൾപ്പെടുന്ന വാർഡ് കണ്ടെയ്മെന്‍റ് സോൺ പട്ടികയിലാണെന്ന കാര്യം ഗവർണറുടെ ഓഫിസിനെ അറിയിക്കുകയാണ് ചെയ്‌തതെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഡി.ശില്‍പ വിശദീകരിച്ചു. ഇക്കാര്യം കത്തായി നൽകാൻ ഗവർണറുടെ ഓഫിസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അങ്ങനെ ചെയ്‌തത്.