കോട്ടയം: ശശി തരൂര്‍ പങ്കെടുത്ത ജില്ലയിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ഈരാറ്റുപേട്ടയിൽ നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. നിശ്ചയിച്ച സമയത്തിൽ നിന്ന് ഒന്നര മണിക്കൂർ വൈകിയാണ് യൂത്ത് കോൺഗ്രസ് മഹാസമ്മേളനം തുടങ്ങിയത്.
കോട്ടയത്ത് തരൂര്‍ ഇഫക്‌ട് ഇടയ്‌ക്ക് മഴയുണ്ടായെങ്കിലും ആവേശം മുറിഞ്ഞില്ല. രാത്രി എട്ട് മണിക്കാണ് തരൂർ പേട്ടയിലെത്തിയത്. ചേന്നാട് കവലയിൽ നിന്ന് ആന്‍റോ ആന്‍റണി എംപിയ്‌ക്കൊപ്പം എത്തിയ നേതാവിനെ തുറന്ന വാഹനത്തിലാണ് സമ്മേളന നഗരിയിലെത്തിച്ചത്. സെൻട്രൽ ജങ്ഷനിൽ യൂത്ത് ലീഗ് തരൂരിന് സ്വീകരണം നൽകി.
കോട്ടയം ഡിസിസിയുമായി ഉണ്ടായ തർക്കത്തെക്കുറിച്ച് തരൂർ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി വച്ച് യുവാക്കളുടെ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്ന് തരൂർ അഭിപ്രായപ്പെട്ടു. നാട്ടിൽ വളർച്ചയ്ക്ക് വേണ്ടി എല്ലാവരും ഒന്നിച്ചു മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്‍റെ കാവലാളാകുവാൻ എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. പാലായിൽ നടന്ന കെ എം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും തരൂർ പങ്കെടുത്തു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തരൂർ വേദിയിലെത്തുന്നതിന് മുമ്പ് ചടങ്ങിൽ പങ്കെടുത്ത് മടങ്ങി.
പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുമായി തരൂർ കൂടിക്കാഴ്‌ച നടത്തി. രാഷ്‌ട്രീയ വിഷയങ്ങളല്ല സാമൂഹിക പ്രശ്‌നങ്ങൾ മാത്രമാണ് ബിഷപ്പുമാരുമായി ചർച്ച ചെയ്‌തതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.