കോട്ടയം:അയർക്കുന്നം ഗ്രാമ പഞ്ചായത്ത് ജീവനക്കാരിയും പാലാ മുത്തോലി സ്വദേശിനിയുമായ രശ്‌മി മോഹന് ദേശീയ ഭിന്നശേഷി അവാർഡ്. ഇച്ഛാശക്തികൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചയാളാണ് രശ്‌മി. ന്യുമോണിയ ബാധിച്ച് മൂന്നാം വയസിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ടിരുന്നു. ഏറെ ചികിത്സയ്ക്ക് ശേഷം സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും കേൾവിശക്തി ലഭിച്ചില്ല.
ഒന്നാം ക്ലാസുമുതൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച രശ്‌മി പ്രീഡിഗ്രിയും ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ കോഴ്‌സും ഫസ്റ്റ് ക്‌ളാസോടെയാണ് പാസായത്. ഡിഗ്രിയ്ക്ക് ഒറ്റമാർക്കിനാണ് ഒന്നാംറാങ്ക് നഷ്ടപ്പെട്ടത്. കോട്ടയം ജില്ല പഞ്ചായത്ത്, മുത്തോലി, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിലും ജോലി ചെയ്‌തിട്ടുണ്ട്. അയർക്കുന്നം പഞ്ചായത്തില്‍ ഓഫീസ് സൂപ്രണ്ടാണ് നിലവില്‍ ജോലി ചെയ്യുന്നത്.