കോട്ടയം: വിപണി കണ്ടെത്താനാകാതെ വെട്ടിലായി മുയൽ കർഷകർ. കഴിഞ്ഞ ലോക്ക്ഡൗണിൽ ജില്ലയിലെ നിരവധി കർഷകരാണ് മുയൽകൃഷിയിലേക്ക് ഇറങ്ങിയത്. ഇതു മൂലം ഉൽപ്പാദനത്തിൽ വലിയ വർധനവ് ഉണ്ടാവുകയും ചെയ്തു.
പോത്ത് ഇറച്ചിക്ക് ഉൾപ്പടെ മുന്നൂറ്റി എൺപതു രൂപ വരെ വിലയുള്ളപ്പോഴും അതീവ രുചികരമായ മുയലിറച്ചി ഇരുനൂറു രൂപക്ക് വരെ ലഭ്യമായിരുന്നു. എന്നാൽ കർഷകർക്ക് മുയലിറച്ചി വിപണനം ചെയ്യാനുള്ള ഒരു സാഹചര്യവും നിലവിൽ ജില്ലയിലില്ല. മുയലിന്‍റെ ഗുണമേൻമക്ക് അനുസൃതമായ വിലയും കർഷകർക്ക് ലഭിക്കുന്നില്ല. ഇതു മൂലം നിരവധി കർഷകർക്കാണ് കടുത്ത സാമ്പത്തിക നഷ്ടം സംഭവിച്ചിരിക്കുന്നത്.