കോട്ടയം: തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോകുക എന്നത് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും വലിയ ക്ഷീണമാണ്. കാരണം പെട്ടിയില്‍ വീണ വോട്ടിന്‍റെ 16.7 ശതമാനം വോട്ട് സ്ഥാനാർഥിക്ക് കിട്ടിയാല്‍ മാത്രമേ കെട്ടിവെച്ച കാശ് തിരികെ കിട്ടൂ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് കേരളം ഭരിക്കാനിരുന്ന ബിജെപിക്ക് ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ നടന്ന ഒരു ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് പോയി എന്നതാണ് പുതുപ്പള്ളിയില്‍ നിന്ന് വരുന്ന റിപ്പോർട്ട്. പതിനായിരം രൂപയാണ് നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർഥി വരണാധികാരിക്ക് മുന്നില്‍ കെട്ടിവെയ്‌ക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നിശ്‌ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ അത് നഷ്‌ടമാകും.
'പുതുപ്പള്ളിയിലെ താമര വാടി': ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ വമ്പൻ തോല്‍വിയും വോട്ട് ചോർച്ചയും ബിജെപി സംസ്ഥാന നേതൃത്വത്തെ അടക്കം വലിയ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം പോലും ദയനീയ സ്ഥിതിയാണ് വ്യക്തമാക്കുന്നത്.
ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 37719, ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് ലഭിച്ചത് 6558 വോട്ടുകൾ. അതായത് 5.01 ശതമാനം വോട്ടുകൾ മാത്രമാണ് ലിജിൻലാലിന് നേടാനായത്. കഴിഞ്ഞ തവണ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥി നേടിയത് എട്ട് ശതമാനത്തിലധികം വോട്ടാണ്.
'മോദിയും വികസനവും പറഞ്ഞു': പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരാൻ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്നാണ് പുതുപ്പള്ളിയില്‍ കേന്ദ്രം ഭരിക്കുന്ന പാർട്ടി പ്രചാരണം നടത്തിയത്. അതിനൊപ്പം വിശ്വാസത്തെ മുറുകെ പിടിച്ചും പ്രചാരണം കൊഴുപ്പിച്ചു. ഗണപതി, മിത്ത്, വിശ്വാസം തുടങ്ങിയ വിഷയങ്ങൾ ബിജെപി തെരഞ്ഞെടുപ്പിലുടനീളം പ്രചരണ ആയുധമാക്കി. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സാമുദായിക സംഘടനകളുടെ വോട്ട് ബാങ്കിലും ബിജെപി പ്രതീക്ഷയർപ്പിച്ചു.
സംസ്ഥാന സർക്കാരിനെയും ബിജെപി വെറുതെ വിട്ടില്ല. കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾ, ദേശീയ തലത്തില്‍ ഇടതുപാർട്ടികളും കോൺഗ്രസും തമ്മിലുണ്ടാക്കിയ സഖ്യവുമെല്ലാം ചർച്ചയാക്കി. പക്ഷേ ഇതൊന്നും ജനം കണ്ടില്ല. അവർ ചാണ്ടി ഉമ്മന് വോട്ട് ചെയ്‌തു. ബിജെപി പെട്ടിയില്‍ സ്വന്തം വോട്ടുപോലും വീണില്ല, എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
കൂരോപ്പട, അയർകുന്നം, പുതുപ്പള്ളി, മണർകാട് പഞ്ചായത്തുകളില്‍ ബിജെപി ജയിച്ച വാർഡുകളുണ്ട്. ഇവിടങ്ങളിലൊന്നും ബിജെപിക്ക് ലീഡ് നേടാനായില്ലെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.