കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ഓഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിലയിരുത്തി. നാളെയാണ് (തിങ്കളാഴ്‌ച) യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കുക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി: 24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. 31ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും. എന്നാൽ, അവസാനഘട്ട പ്രചാരണത്തിന് മാത്രമായിരിക്കും മറ്റു മന്ത്രിമാർ എത്തുക. പുതുപ്പള്ളിയിൽ പ്രചാരണത്തിന് രാഷ്‌ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
പുതുപ്പള്ളിയിലെ സ്ഥിതിഗതികൾ വിലയിരുത്തി രാഹുൽ ഗാന്ധി:ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങൾ വിലയിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടണമെന്നും പിതാവിന്‍റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുന്നതിനിടെ ആണ് ചാണ്ടി ഉമ്മന് രാഹുൽ ഗാന്ധിയുടെ വിളി വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു.