കോട്ടയം: എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി സുസ്ഥിര കുടിവെള്ള പദ്ധതികൾ പ്രാദേശികമായി നടപ്പാക്കുന്നതിനാവശ്യമായ പ്രോത്സാഹനം നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുറിച്ചി ഗ്രാമ പഞ്ചായത്ത് 14,16 വാര്‍ഡുകളില്‍ നിർമ്മാണം പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജല സംരക്ഷണത്തിനുമുള്ള പദ്ധതികൾ ഓരോ പ്രദേശത്തും കണ്ടെത്തി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. നദികള്‍, പുഴകള്‍, അരുവികള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയ ജലശ്രോതസ്സുകളെ ആശ്രയിച്ച് ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതോടൊപ്പം കിണര്‍ റീച്ചാര്‍ജിംഗ്, മഴവെള്ള സംഭരണം, ഭൂഗർഭ ജലശ്രോതസ്സുകൾ എന്നിവ മുഖേനയും ജല ലഭ്യത ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.