കോട്ടയം : തലയോലപ്പറമ്പിൽ മിന്നൽ പണിമുടക്ക് നടത്തി സ്വകാര്യ ബസ് തോഴിലാളികള്‍. ഡ്രൈവറെ ബസിനുള്ളിൽ നിന്നും വലിച്ചിറക്കി വിദ്യാർഥികൾ മർദിച്ച സംഭവത്തിലാണ് പ്രതിഷേധം. എറണാകുളം - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളിലെ ജീവനക്കാരാണ് മിന്നൽ പണിമുടക്ക് നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തലയോലപ്പറമ്പിന് സമീപം നീർപ്പാറയിലായിരുന്നു സംഭവം. കോട്ടയം - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിന്‍റെ ഡ്രൈവർ കടുത്തുരുത്തി കാട്ടാമ്പാക്ക് സ്വദേശി രഞ്ജുവിനാണ് മര്‍ദനമേറ്റത്. ഇയാളുടെ മൂക്കിന്‍റെ പാലത്തിന് പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവര്‍ക്ക് വിദ്യാർഥികളുടെ മര്‍ദനം; തലയോലപ്പറമ്പിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി കണ്ടക്ടര്‍ അഖിൽ ഷാജി, യാത്രക്കാരനായ കോളജ് വിദ്യാർഥി പയസ് സിജു എന്നിവർക്കും മര്‍ദനമേറ്റിരുന്നു. കണ്ടക്ടറെ അനുകൂലിച്ച് സംസാരിച്ചതിനാണ് ബസിലുണ്ടായിരുന്ന പയസിന് മർദനമേറ്റത്. ആക്രമത്തിൽ ഉൾപ്പെട്ടവരെന്ന് കരുതുന്ന മൂന്നുപേരെയും, ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഡി.ബി കോളജിന് മുന്നിൽ വച്ച് സീറ്റിങ്ങില്‍ കൂടുതൽ ആളുകൾ കയറിയിരുന്നു. ഫുട്‌ബോഡിൽ വരെ യാത്രക്കാർ നിറഞ്ഞതോടെ കുറച്ച് ആളുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഡോർ അടയ്ക്കാൻ സാധിക്കൂ എന്ന് ജീവനക്കാർ നിലപാട് എടുത്തു. ഇതേ തുടർന്ന് വിദ്യാർഥികൾ അടക്കമുള്ള കുറച്ച് പേരെ പുറത്തിറക്കിയതായി തൊഴിലാളികൾ പറയുന്നു. ഇതിനു പിന്നാലെ, ബസ് കോളേജിന് സമീപത്തുനിന്ന് പോയി.
പത്തുമിനിറ്റിന് ശേഷം നീർപ്പാറയ്ക്ക് സമീപത്ത് രണ്ട് ബൈക്കിലായി എത്തിയ സംഘം, ബസിന് വട്ടം വച്ച ശേഷം തടഞ്ഞുനിർത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിനുമുൻപ് ഡ്രൈവർക്ക് മർദനമേറ്റതായി യാത്രക്കാർ പറയുന്നു.
also read: കിറ്റക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം; 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രം
ഇതിനുശേഷം അക്രമം കണ്ട് ഓടിയെത്തി തടയാൻ ശ്രമിച്ച മറ്റ് യാത്രക്കാരെയും, നാട്ടുകാരെയും അക്രമി സംഘം മർദിച്ചു. ആക്രമണത്തിനുശേഷം സംഘം ബൈക്കിൽ തന്നെ രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികൾ പറയുന്നു.