ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളുടെ സ്ഥാനം കയ്യടക്കുകയാണ് തീര്‍ത്തും പ്രകൃതി സൗഹൃദമായ ബോഹര്‍ പേപ്പറുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് ഫ്ലക്സ് ഉപേക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായത്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിര്‍ദ്ദേശവും പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കാരണമായി.
ഫ്ലക്സിന് പകരം ബോഹര്‍ പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് പ്രിന്‍റിങ് സ്ഥാപനങ്ങളുടെ സംഘടനയും നിലപാടെടുത്തിരുന്നു. പക്ഷേ ഫ്ലക്സിനേക്കാൾ ബോഹർ ബാനറുകൾക്ക് ചിലവ് അൽപ്പം കൂടുതലാണ്. സ്ക്വയർഫീറ്റിന് 20 മുതൽ 25 രൂപ വരെയാണ് വില. മണ്ണിൽ അലിഞ്ഞു ചേരുമെന്നതിനാല്‍ മലിനീകരണ പ്രശ്നം ഉണ്ടാക്കില്ലെന്നതും ബോഹര്‍ പേപ്പറുകളുടെ പ്രത്യേകതയാണ്.