കേരളം

kerala

ETV Bharat / state

പരിഹാരമാകാതെ കേരള കോൺഗ്രസ് തർക്കം - കന്‍റോൺമെന്‍റ്

കോൺഗ്രസുമായി തിരുവനന്തപുരത്ത് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പിജെ ജോസഫ് വിഭാഗം. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോൺഗ്രസ്. കേരള കോൺഗ്രസ് യുഡിഎഫിൽ തന്നെ തുടരുമെന്ന് മോൻസ് ജോസഫ്.

ഫയൽ ചിത്രം

By

Published : Mar 13, 2019, 5:46 PM IST

കോട്ടയം സീറ്റിനെ ചൊല്ലി കെ എം മാണിയും പി ജെ ജോസഫും തമ്മിൽ ഉടലെടുത്ത തർക്കം പരിഹാരമാകാതെ തുടരുന്നു. തിരുവനന്തപുരത്തെത്തിയ പി ജെ ജോസഫ് ആദ്യം ജഗതിയിലുള്ള ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി ചർച്ച നടത്തി. തുടർന്ന് കന്‍റോൺമെന്‍റ് ഹൗസിലേക്ക്. രമേശ് ചെന്നിത്തലയെ കണ്ട് നിബന്ധനകൾ അറിയിച്ചു. കോൺഗ്രസുമായി കോട്ടയം സീറ്റ് വച്ചുമാറുന്ന പക്ഷം സമവായം ആകാമെന്ന് പി ജെ ജോസഫ് ചെന്നിത്തലയെ അറിയിച്ചു. എന്നാൽ മാണി വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ ഇടപെടാനുള്ള വൈഷമ്യം ചെന്നിത്തല ജോസഫിനെ അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും കന്‍റോൺമെന്‍റ് ഹൗസിലെത്തി ജോസഫുമായി ചർച്ച തുടർന്നു. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ കാര്യമായ പരിഹാരമുണ്ടായില്ല. വിഷയം തൃപ്തികരമായി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി മോൻസ് ജോസഫ് പറഞ്ഞു. യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ തങ്ങളെ പ്രത്യേകമായി പരിഗണിക്കണമെന്നും പിജെ ജോസഫ് വിഭാഗം യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം യുഡിഎഫ് ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം കോട്ടയം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. സ്ഥാനാർഥി തോമസ് ചാഴികാടനെ പിൻവലിക്കാനാകില്ലെന്നും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുമെന്നുമാണ് മാണി വിഭാഗത്തിന്‍റെ നിലപാട്. കോൺഗ്രസ്-മാണി ചർച്ചയിൽ തർക്കപരിഹാരത്തിന് ഫോര്‍മുലകള്‍ ഉണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പരിഹാരമാകാതെ കേരള കോൺഗ്രസ് തർക്കം



ABOUT THE AUTHOR

...view details