കോട്ടയം:മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അഴിമതി സംബന്ധിച്ചുള്ള തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റിന് കൈമാറുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ മുഖ്യമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷം ഐ.ടി വകുപ്പിലും അനുബന്ധ ധനകാര്യ മേഖലകളിലും കോടിക്കണക്കിന് അഴിമതി നടത്തിയിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കർ, വിവാദ അമേരിക്കന്‍ വ്യവസായിയായ ഫാരിസ് അബൂബക്കർ, എക്‌സ ലോജിക്ക് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ വീണ വിജയന്‍ എന്നിവരുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകളും ഇഡിക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ റിയൽ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്‌ടിലെ കോടികളുടെ അഴിമതിയാണ് മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ അഴിമതി. കിഫ്‌ബിക്ക് വേണ്ടി പണം സ്വരൂപിക്കാന്‍ നടത്തിയിട്ടുള്ള മസാല ബോണ്ടാണ് രണ്ടാമത്തെ വലിയ അഴിമതിയെന്നും പി സി ജോര്‍ജ് പറഞ്ഞു.