കേരളം

kerala

ETV Bharat / state

പി സി ജോര്‍ജിന് തിരിച്ചടി; പൂഞ്ഞാറില്‍ വീണ്ടും ജനപക്ഷ അംഗം കൂറുമാറി - ജനപക്ഷം

നാളെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ നിര്‍മലയാണ് പാര്‍ട്ടി വിട്ട് മത്സരത്തിന് ഒരുങ്ങുന്നത്.

അംഗം കൂറുമാറി

By

Published : Jul 7, 2019, 5:22 PM IST

കോട്ടയം: പൂഞ്ഞാറില്‍ വീണ്ടും പി സി ജോര്‍ജ് എംഎല്‍എക്ക് തിരിച്ചടി. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പഞ്ചായത്തംഗം ജനപക്ഷം പാര്‍ട്ടി വിട്ടു. പതിനാലാം വാര്‍ഡ് അംഗം നിര്‍മല മോഹനാണ് ജനപക്ഷത്തിന്‍റെ പുതിയ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടത്. നാളത്തെ തെരഞ്ഞെടുപ്പില്‍ നിര്‍മല പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കും.

ജനപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇടത് മുന്നണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലൂടെ ജനപക്ഷത്തിന് ഭരണം നഷ്ടപ്പെടുകയായിരുന്നു. ഷൈനി സന്തോഷ് ആയിരുന്നു പ്രസിഡന്‍റ് സ്ഥാനത്ത്. എല്‍ഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ യുഡിഎഫ് അനുകൂലിച്ചിരുന്നു. പി സി ജോര്‍ജിനൊപ്പം ഉറച്ച് നിന്നിരുന്ന നിര്‍മല മോഹനന്‍ അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിട്ടത്.

തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നിര്‍മല, കേരള കോണ്‍ഗ്രസ് സെക്കുലറും പിന്നീട് ജനപക്ഷവുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ സമീപ നാളുകളില്‍ ജനപക്ഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ജനപക്ഷം വിട്ട നിര്‍മല ഇടത് അനുകൂല നിലപാട് സ്വീകരിക്കാനാണ് സാധ്യത. നാളത്തെ തെരഞ്ഞെടുപ്പില്‍ നിര്‍മലയെ മത്സരിപ്പിക്കാനുള്ള ഇടത് നീക്കത്തെ യുഡിഎഫും അനുകൂലിക്കും. നാളെ രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്.

ABOUT THE AUTHOR

...view details