കേരളം

kerala

ETV Bharat / state

പട്ടിത്താനം ബൈപ്പാസ് യഥാർഥ്യമായി; എംസി റോഡിന് ദീർഘനിശ്വാസം, കോട്ടയം നഗരത്തില്‍ കുരുങ്ങാതെ തിരുവനന്തപുരത്തേക്കും തിരിച്ചും

ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്കിൽ വലയാതെ തിരുവല്ലയിലെത്താം എന്നതാണ് രാമൻചിറ– പെരുന്തുരുത്തി– പട്ടിത്താനം ബൈപ്പാസിലൂടെ സാധ്യമാകുന്നത്.

കോട്ടയം  mc road  pattithanam manarcad bypass  kottayam  ഏറ്റുമാനൂർ  കോട്ടയം  ചങ്ങനാശ്ശേരി  രാമൻചിറ  പെരുന്തുരുത്തി  പട്ടിത്താനം  ചെറുവാണ്ടൂർ  പട്ടിത്താനം ബൈപാസ്
പട്ടിത്താനം ബൈപ്പാസ് യഥാർഥ്യമായി; ഇനി കുരുക്കില്ലാതെ തിരുവല്ലയിലെത്താം

By

Published : Nov 3, 2022, 8:20 PM IST

കോട്ടയം: എംസി റോഡിലൂടെയുള്ള ദുരിതമേറിയ യാത്രക്ക് ഇനി വിട പറയാം. തൃശ്ശൂര്‍, എറണാകുളം ഭാഗത്ത് നിന്നും തെക്കന്‍ ജില്ലകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ ടൗണുകളിലെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷ നേടാൻ പുതുവഴിയായി.

എംസി റോഡിലെ ഏറ്റവും വലിയ ബൈപ്പാസ്: പട്ടിത്താനം മണർകാട് ബൈപ്പാസ് തുറന്നു നൽകിയതോടെ സംസ്ഥാനത്തിന്‍റെ വടക്ക്, കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരം അടക്കം തെക്കൻ ജില്ലകളിലേയ്ക്ക് ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാം. ബൈപ്പാസിന്‍റെ അവസാന റീച്ചായ പാറകണ്ടം മുതൽ പട്ടിത്താനം വരെയുള്ള 1.8 കിലോമീറ്റർ തുറന്ന് നൽകിയതോടെ യാഥാർഥ്യമാകുന്നത് എംസി റോഡിലെ ഏറ്റവും വലിയ ബൈപ്പാസാണ്.

തിരുവല്ല രാമൻചിറയിൽ നിന്നാരംഭിക്കുന്ന ബൈപ്പാസ് കൂടി ചേരുമ്പോൾ മധ്യകേരളത്തിലൂടെള്ള യാത്ര സുഗമമാകും. പട്ടിത്താനം കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപ്പാസിലൂടെ യാത്ര ആരംഭിച്ചാൽ ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗത കുരുക്കിൽ പെടാതെ എളുപ്പത്തിൽ തിരുവല്ലക്ക് മുൻപ് രാമൻചിറയിലെത്താം. രാമൻചിറയിൽ നിന്നും തിരുവല്ലയിലേക്ക് 4 കിലോമീറ്റർ മാത്രമാണ് ഉള്ളത്.

തുറന്നു നൽകി പുതുവഴി: മന്ത്രിമാരായ മുഹമ്മദ് റിയാസും വിഎൻ വാസവനും ചേർന്നാണ് ബൈപ്പാസ് നാടിന് സമർപ്പിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സംസ്ഥാനത്തെ ദേശീയപാത വികസനം 2025 വർഷത്തോടു കൂടി പൂർത്തിയാക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

അടൂരിൽ നിന്ന് പട്ടിത്താനത്തേക്ക് :എംസി റോഡിൽ വാളകത്തിനും കുറവിലങ്ങാടിനും ഇടയിൽ ഗതാഗതക്കുരുക്കിൽ വലയുന്ന നഗരങ്ങളാണ് ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ, കൊട്ടാരക്കര എന്നിവ. ഇതിൽ ഓരോ ഇടത്തും ശരാശരി 10 മുതൽ 30 മിനിറ്റ് വരെ യാത്ര തടസം പതിവാണ്. ഇതിൽ അടൂരിൽ ആണ് ആദ്യം ബൈപ്പാസ് വന്നത്.

അടൂർ ടൗണിൽ കയറാതെ പോകാൻ കഴിയുന്ന ബൈപാസ് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരിയിലും കഴിഞ്ഞവർഷം തിരുവല്ലയിലും ബൈപ്പാസ് യാഥാർഥ്യമായി. അപ്പോഴും കോട്ടയത്തും ഏറ്റുമാനൂരും ഇഴഞ്ഞിഴഞ്ഞ് നീങ്ങേണ്ട ഗതികേടിലായിരുന്നു.

പട്ടിത്താനം ബൈപാസ് വന്നതോടെ കോട്ടയത്തെയും ഏറ്റുമാനൂരിലെയും ചങ്ങനാശേരിലേയും ഗതാഗതക്കുരുക്കിൽ അകപെട്ട് പോകാതെ യാത്ര ചെയ്യാം. തിരുവനന്തപുരത്ത് നിന്നും പന്തളം കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് ഇനി ഏറ്റുമാനൂർ വരെ ഏതാണ്ട് ഒരു മണിക്കൂറിൽ സഞ്ചരിക്കാം എന്നതാണ് പുതിയ വഴി.

ഇഴഞ്ഞ് ഇഴഞ്ഞ് നിർമാണം:എം.സി റോഡില്‍ പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിച്ച് എന്‍എച്ച് 183-ല്‍ മണര്‍കാട് ജങ്ഷനില്‍ എത്തിച്ചേരുന്ന ബൈപ്പാസിന് 13.30 കിലോമീറ്റര്‍ ദൂരമാണുള്ളത്. മൂന്നുഘട്ടമായാണ് നിർമാണം പൂർത്തിയാക്കിയത്. 38 വര്‍ഷം മുമ്പ് റോഡിന്‍റെ അന്തിമ അലൈന്‍മെന്‍റ് പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് 2012ലാണ്.

മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2016-ല്‍ പൂര്‍ത്തിയായി. പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പറേകണ്ടം ജങ്ഷന്‍ വരെയുള്ള ഭാഗം 2020-ലും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ വിവിധ തര്‍ക്കങ്ങളെത്തുടര്‍ന്ന് മൂന്നാംഘട്ടത്തിന്‍റെ നിര്‍മാണം നീണ്ടുപോകുകയായിരുന്നു.

2021 -ലാണ് മൂന്നാം ഘട്ടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1.80 കിലോമീറ്റർ വരുന്ന അവസാനഘട്ടം കൂടി പൂർത്തിയായതതോടെയാണ് ബൈപ്പാസ് പൂർണതോതിൽ സജ്ജമായത്. മൂന്നാംഘട്ടത്തിന് 12.60 കോടി രൂപയായിരുന്നു നിർമാണ ചെലവ്.

ഇങ്ങനെ പോകാം: പട്ടിത്താനം കവലയിൽ നിന്നാണ് ബൈപ്പാസ് ആരംഭിക്കുന്നത്. പാറകണ്ടം- പട്ടിത്താനത്തുനിന്ന് പാറകണ്ടം ജങ്ഷനിൽ എത്തിയാൽ ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയാണ് ബൈപ്പാസ് മുറിച്ചു കടക്കുന്നത്. ഇവിടെനിന്ന് പാലാ, തൊടുപുഴ, വാഗമൺ ഭാഗത്തേക്ക് തിരിയാം. ചെറുവാണ്ടൂർ-പാറകണ്ടം കഴിഞ്ഞ് ബൈപാസിലൂടെ ചെറുവാണ്ടൂർ എത്തിയാൽ ഏറ്റുമാനൂർ മാർക്കറ്റ് വഴി എംസി റോഡിലെക്കും പാറോലിക്കലിലേക്കും എത്താം. പേരൂർ-ചെറുവാണ്ടൂരിൽ നിന്ന് പേരൂരിലെത്തിയാൽ സംക്രാന്തി വഴി മെഡിക്കൽ കോളജിലേക്ക് എത്താം. തിരുവഞ്ചൂർ- പേരൂരിൽ നിന്ന് പൂവത്തുംമൂട് പാലം, തിരുവഞ്ചൂർ ജങ്ഷനിൽ എത്തിയാൽ അയർക്കുന്നം, തൂത്തൂട്ടി ഭാഗത്തേക്ക് പോകാം. തിരുവഞ്ചൂർ കുരിശുപള്ളി ജങ്ഷനിൽ നിന്ന് കഞ്ഞിക്കുഴിയിലേക്കുള്ള റോഡിലൂടെ ദേശീയ പാതയിലേക്ക് എത്താം.

മണർകാട് -തുടർന്ന് നാലുമണിക്കാറ്റ്, മണർകാട് പള്ളി , അയർക്കുന്നം കിടങ്ങൂർ റോഡിലൂടെ മണർകാട് കവലയിൽ എത്താം. മണര്‍കാട് കവലയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി തിരുവല്ലക്ക് സമീപം എംസി റോഡിലെ പെരുന്തുരുത്തി കവലയില്‍ എത്തിച്ചേരാം. മണര്‍കാട് കവല കെകെ റോഡിന്‍റെ ഭാഗമായതിനാല്‍ കോട്ടയം -കുമളി റോഡിലേക്കും പ്രവേശിക്കാന്‍ കഴിയും. മണർകാട് നിന്ന് വലത്തേക്ക് പോയാൽ വാഴൂർ വഴി മുണ്ടക്കയത്ത് എത്താം.

പുതുപ്പള്ളി:മണർകാട് നിന്ന് പുതുപ്പള്ളി എത്തിയാൽ എരുമേലി റോഡിൽ പ്രവേശിക്കാം. ശബരിമല തീർഥാടകർക്കും പ്രയോജനമാണിത്. തെങ്ങണ-പുതുപ്പള്ളി കവലയിൽ നിന്നും പുതുപ്പള്ളി പള്ളി , പനച്ചിക്കാട് ക്ഷേത്രം, ഞാലിയാകുഴി, തെങ്ങണ, കുന്നുംപുറം, നാലുകോടി ജങ്ഷൻ, നാലുകോടി റെയിൽവേ ക്രോസ് കടന്ന് പെരുന്തുരുത്തി ജങ്ഷനിൽ എത്താം.

പ്രയോജനങ്ങൾ:

  • പെരുന്തുരുത്തിയിൽ നിന്നു 2.1 കിലോമീറ്റർ എംസി റോഡ് വഴി തിരുവല്ല ഭാഗത്തേക്കു മുന്നോട്ടു പോയാൽ രാമൻചിറയിൽ നിന്നു തിരുവല്ല ബൈപാസിലേക്കു പ്രവേശിക്കാം. ഫലത്തിൽ തിരുവല്ല ടൗണിലെ തിരക്ക് ഒഴിവാക്കിയും യാത്ര സാധ്യം. തിരുവല്ല ബൈപാസ് വഴി പത്തനംതിട്ടയ്ക്കും തുടർയാത്ര ചെയ്യാം.
  • മൂവാറ്റുപുഴ, എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്ക് ഏറ്റുമാനൂർ, കോട്ടയം കറങ്ങാതെ നേരിട്ട് ദേശീയപാത 183ൽ മണർകാട്ട് എത്താം. ബൈപാസ് റോഡ് വഴി പുതുപ്പള്ളിയിൽ എത്തിയാൽ എരുമേലി റോഡിൽ പ്രവേശിക്കാം. ശബരിമല തീർഥാടകർക്കും പ്രയോജനം.
  • മൂവാറ്റുപുഴ, എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്കു പാലാ റോഡിലേക്കും വേഗത്തിൽ എത്താം.
  • മുണ്ടക്കയം അടക്കമുള്ള കിഴക്കൻ മേഖലയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നവർക്കു ദേശീയപാതയിൽ മണർകാട്ടു നിന്നു തിരിഞ്ഞ് സമാന്തര പാത വഴി പൂവത്തുംമൂട്, പേരൂർ കവലകളിൽ എത്തി തിരിഞ്ഞ് ആശുപത്രിയിലേക്കു പോകാം.
  • സമാന്തര പാതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എംസി റോഡിലേക്ക് വഴികളുണ്ട്. ഇതും പ്രയോജനപ്പെടുത്താം.
  • തിരുവല്ല ഭാഗത്തു നിന്നു ദേശീയ പാത 183ൽ വേഗത്തിൽ എത്താം. ഇതു വഴി ഹൈറേഞ്ച് യാത്രയും വേഗത്തിലാകും.
  • പനച്ചിക്കാട് ക്ഷേത്രം, മണർകാട് പള്ളി, പുതുപ്പള്ളി പള്ളി തുടങ്ങിയ ആരാധനാ കേന്ദ്രങ്ങളിലേക്കു തിരിയാനും സമാന്തര പാത വഴി എത്തിയാൽ സാധിക്കും.
  • നാലുമണിക്കാറ്റ് വഴിയോര വിശ്രമ കേന്ദ്രം പാതയിൽ സ്ഥിതി ചെയ്യുന്നു. ഇത്തരത്തിൽ വിനോദ വ്യാപാര സാധ്യതകളും പാത തുറക്കുന്നു.

ദൂരം ഒരുപോലെ പക്ഷേ, സമയം ലാഭിക്കാം: എംസി റോഡ് വഴിയും ബൈപാസിലൂടെയും പട്ടിത്താനം മുതല്‍ പെരുന്തുരുത്തി വരെ 35.9 കിലോമീറ്ററാണ് ദൂരം. എന്നാല്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി എന്നിവടങ്ങളിലെ തിരക്ക് മറികടന്നു വേണം പെരുന്തുരുത്തിയില്‍ എത്താന്‍. പെരുന്തുരുത്തിയില്‍ നിന്നു തിരുവല്ലയ്ക്ക് 4.4 കിലോമീറ്ററാണ് ദൂരം. ഏറ്റുമാനൂര്‍ കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്കില്‍ പെടാതെ എളുപ്പത്തില്‍ തിരുവല്ലയില്‍ എത്തിച്ചേരാം എന്നതാണ് മെച്ചം.

എം സി റോഡ് യാത്രക്കാർക്ക് മാത്രമല്ല ഏറ്റുമാനൂർ ബൈപ്പാസ് ഗുണം ചെയ്യുക. കോട്ടയം- കുമളി റോഡിൽ യാത്ര ചെയ്യുന്നവർക്കും മണർകാട് എത്തി ഈ റോഡ് ഉപയോഗിക്കാം. വാഗമൺ, ഈരാറ്റുപേട്ട, പാലാ മേഖലകളിൽ നിന്ന് എത്തുന്നവർക്കും ഏറ്റുമാനൂർ ബൈപ്പാസിന്‍റെ ഗുണം ലഭിക്കും.

ABOUT THE AUTHOR

...view details