കോട്ടയം: സംസ്ഥാന സര്‍ക്കാരിൻ്റെ ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പാലാ നഗരഹൃദയത്തില്‍ തയാറാക്കുന്ന പാര്‍ക്കിൻ്റെയും അമിനിറ്റി സെൻ്ററിൻ്റെയും നിര്‍മാണം പൂര്‍ത്തിയാകുന്നു. മീനച്ചിലാറിൻ്റെയും ളാലം തോടിൻ്റെയും സംഗമ സ്ഥാനത്താണ് പാര്‍ക്കും അമിനിറ്റി സെൻ്ററും നിര്‍മിച്ചിരിക്കുന്നത്. ഒപ്പം സ്ഥാപിച്ച തൂക്കുപാലവും പ്രത്യേക ആകര്‍ഷണമാണ്. കെ.എം മാണി മന്ത്രിയായിരുന്നപ്പോള്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍.
ഗ്രീന്‍ ടൂറിസം പദ്ധതി; പാര്‍ക്കിൻ്റെയും അമിനിറ്റി സെൻ്ററിൻ്റെയും നിര്‍മാണം പൂര്‍ത്തിയാകുന്നു - park
മീനച്ചിലാറിൻ്റെയും ളാലം തോടിൻ്റെയും സംഗമ സ്ഥാനത്താണ് പാര്‍ക്കും അമിനിറ്റി സെൻ്ററും നിര്‍മിച്ചിരിക്കുന്നത്. കെ.എം മാണി മന്ത്രിയായിരുന്നപ്പോള്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍.
പാലായിലെ പ്രശസ്‌തമായ കുരിശുപള്ളിയുടെ മാതൃകയിലാണ് പ്രവേശനകവാടം നിര്‍മിച്ചിരിക്കുന്നത്. രണ്ട് മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേര്‍ന്നുള്ള മുൻസിപ്പാലിറ്റി വക സ്ഥലത്താണ് പാര്‍ക്കും ഉദ്യാനവും ഇന്‍ഫര്‍മേഷന്‍ സെൻ്ററും നിര്‍മിക്കുന്നത്. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിൻ്റുമുണ്ട്. ഗ്ലാസ് റൂഫോട് കൂടിയ ഭൂഗര്‍ഭ അറ പ്രത്യേക ശ്രദ്ധ നേടുന്നു.
നടപ്പാലം, മിനി പാര്‍ക്ക്, ഓപ്പണ്‍ കോണ്‍ഫറന്‍സ് ഏരിയ, നദി കാഴ്‌ച ഇരിപ്പിട സ്ഥലം തുടങ്ങിയ പ്രധാന നിര്‍മിതികളെല്ലാം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, മാര്‍മല എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങള്‍പാറ തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അമിനിറ്റി സെൻ്റര്‍ ഉപകാരപ്രദമാകും. പാലാ നഗര സൗന്ദര്യവല്‍ക്കരണ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ ടൂറിസം മാപ്പിലും പാലാ നഗരം ഇടം പിടിക്കും. പദ്ധതി ഉദ്ഘാടനം ഉടന്‍ നടക്കും.