കോട്ടയം: ചേർപ്പുങ്കൽ ബിവിഎം കോളജിന് എതിരേയുള്ള വൈസ് ചാൻസലറുടെ പ്രസ്താവനക്കെതിരെ പാലാ രൂപത. വൈസ് ചാൻസലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നും കോളജിലെ സിസി ടിവി ദൃശ്യങ്ങൾ കോളജ് മാനേജ്‌മെന്‍റ് പുറത്തുവിടരുതെന്ന് പറയുന്നത് സർവകലാശാലയുടെ ഏതു നിയമം അനുസരിച്ചാണെന്നു വൈസ് ചാൻസലർ അറിയിക്കണമെന്നും രൂപത അധികൃതർ ആവശ്യപ്പെട്ടു. പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിനി മീനച്ചിലാറ്റിൽ ജീവനൊടുക്കിയതിനെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ തെറ്റിദ്ധരിക്കപ്പെടുകയും ക്രൂരമായ വിധത്തിൽ വിമർശിക്കപ്പെടുകയും ചെയ്തപ്പോൾ വസ്തുതകൾ വെളിവാക്കാനാണ് സിസി ടിവി ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തിയത്.
എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരെ പാലാ രൂപത - mg university
ഒരു പരസ്യസംവാദത്തിന് തന്നെ വി.സി തയാറാകണമെന്ന് രൂപതാ വികാരി ജോസഫ് തടത്തില്‍ പറഞ്ഞു.
വിസിയുടെ സംസാരം മറ്റെന്തിങ്കിലും ഉദ്ദേശത്തോടെയാണോയെന്ന് സംശയിക്കണം. കോപ്പിയടിക്കുവാന്‍ പ്രോല്‍സാഹിപ്പിക്കണമെന്നാണോ വി.സി അര്‍ത്ഥമാക്കുന്നത്. ഒരു പരസ്യസംവാദത്തിന് തന്നെ വി.സി തയാറാകണമെന്നും രൂപതാ വികാരി ജോസഫ് തടത്തില്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിയാവുന്നവർക്കും എംജി യൂണിവേഴ്സിറ്റിയുടെ സ്റ്റാറ്റ്യൂട്ടുകൾ അൽപമെങ്കിലും പരിചയമുള്ളവർക്കും പ്രിൻസിപ്പലിന്റെ പ്രവർത്തനത്തെ പ്രശംസിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അധ്യാപിക കൗൺസലിങ് നടത്തിയതിനാലാണ് വിദ്യാർഥിനിയെ കൂടുതൽ നേരം ഹാളിൽ ഇരുത്തിയതെന്നും രൂപതാ അധികൃതർ വിശദീകരിച്ചു. വിദ്യാർഥിനിയുടെ മരണം ദു:ഖകരമാണ്. അതിന്‍റെ പേരിൽ പ്രിൻസിപ്പലിനെ തേജോവധം ചെയ്യുന്നത് ഖേദകരമാണ്. വൈസ് ചാൻസലർ അപമാനിച്ചത് അധ്യാപക സമൂഹത്തെയാണെന്നും പാലാ രൂപത വിമർശിച്ചു .
കുട്ടിയുടെ ഹാൾ ടിക്കറ്റ് പ്രദർശിപ്പിക്കരുതെന്ന് നിലവിൽ നിയമമില്ല. പ്രദർശിപ്പിച്ചത് ഹാൾ ടിക്കറ്റിന്‍റെ പകർപ്പും കോപ്പിയടിച്ച ഭാഗവുമാണ്. ഹാൾ ടിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെയും സാക്ഷിമൊഴികൾ എടുക്കാതെയുമാണ് സിൻഡിക്കറ്റ് ഉപസമിതി താൽക്കാലിക റിപ്പോർട്ട് തയാറാക്കിയത്.ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ പത്രസമ്മേളനം നടത്തിയത്. ഉപസമിതിയുടെ റിപ്പോർട്ട് സിൻഡിക്കറ്റ് അംഗീകരിച്ചാൽ മാത്രമേ സർവകലാശാലയുടേത് ആകുകയുള്ളൂ. വൈസ് ചാൻസലറുടെ തിടുക്കം എന്തിനു വേണ്ടിയാണെന്നും രൂപതാ അധികൃതർ ചോദിച്ചു.