കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് നിർണായക നേതൃയോഗത്തിനാണ് ഭരണങ്ങാനം ഓസാനാം മൗണ്ട് ഓഡിറ്റോറിയം സാക്ഷിയായത്. നിയോജക മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,യു.ഡി.എഫ് എം.പിമാർ, എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പാലായിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലെ അനിഷ്‌ട സംഭവങ്ങളുടെ വൈര്യം മറന്ന് പി.ജെ ജോസഫും നേതൃയോഗത്തിലേക്കെത്തിയതോടെ ജോസഫിന് ജോസ് കെ. മാണിയുടെ ഹസ്‌തദാനം. മുഖത്ത് ചിരി പടർത്തി പി.ജെ ജോസഫിന്‍റെ മറുപടിയും. തുടർന്ന് ഇരുവരും ചേര്‍ന്ന് പ്രചാരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലും വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളുടെ ആലോചനയും നടത്തി.
യു.ഡി.എഫ് ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് പാലായില്‍ നേതൃയോഗം - udf Leaders Meeting
നിലപാട് മയപ്പെടുത്തി പ്രചരണ യോഗത്തിൽ താനും ഉണ്ടാവുമെന്ന് പി.ജെ ജോസഫ്. വ്യത്യസ്‌ത അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലന്ന് പ്രതികരിച്ച് ജോസ് കെ.മാണി
മുതിർന്ന നേതാക്കളോട് പാലായിൽ തുടരാന്‍ ആവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾക്ക് മൂർച്ച കൂട്ടാൻ യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം നിലപാട് മയപ്പെടുത്തി പ്രചാരണ യോഗത്തിൽ താനും ഉണ്ടാവുമെന്ന പി.ജെ ജോസഫിന്‍റെ പ്രഖ്യാപനം വന്നു. വ്യത്യസ്‌ത അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്ന് പ്രതികരിച്ച ജോസ് കെ. മാണി യു.ഡി.എഫ് ഒറ്റക്കെട്ടായി പോകുമെന്നും വ്യക്തമാക്കി. നേതാക്കൾ ഒറ്റക്കെട്ടായി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചപ്പോൾ ഇന്നുവരെയുണ്ടായ പ്രശ്‌നങ്ങൾ മാധ്യമസൃഷ്‌ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. വൈകി അവസാനിച്ച യു.ഡി.എഫ് നേതൃയോഗത്തിൽ നിന്നും നേതാക്കൾ ശുഭാപ്‌തി വിശ്വാസത്തോടെ മടങ്ങുമ്പോൾ പി.ജെ ജോസഫും കൂട്ടരും എത്രത്തോളം പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നത് കണ്ടറിയേണ്ടതാണ്.