കോട്ടയം:പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മത്സരം നിയന്ത്രിച്ച വിധി കര്‍ത്താക്കള്‍ ഉള്‍പ്പെടെ അഞ്ച് അത്‍ലറ്റിക് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയാണ് നടപടി. അഫീലിന്‍റെ മരണത്തിനിടയാക്കിയത് ഇവരുടെ അശ്രദ്ധയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് പൊലീസിന്‍റെ നീക്കം. തെളിവുകള്‍ നശിപ്പിച്ച് സംഘാടകരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന് മരിച്ച അഫീലിന്‍റെ മാതാപിതാക്കള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് പൊലീസിന്‍റെ ഊര്‍ജിത നീക്കം. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ പാലാ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങും.
അഫീലിന്‍റെ മരണം; സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം
പൊലീസ് അന്വേഷണത്തിന്‍റെ വേഗതക്കുറവും തെളിവ് നശിപ്പിക്കാനുള്ള നീക്കവും കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു
ഹാമര്‍, ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ട് മത്സരങ്ങള്‍ക്ക് ഒരേ ഫിനിഷിങ് പോയിന്‍റ് നിശ്ചയിച്ചതും സംഘാടകരാണ്. എന്നാല്‍ ഇതിന് നിര്‍ദേശം നല്‍കിയത് സംഘാടകരില്‍ ആരാണെന്ന് വ്യക്തമായ മൊഴി ലഭിച്ചില്ല. തുടര്‍ന്നാണ് അഞ്ചുപേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യക്കും അപകടകരമാം വിധം മത്സരങ്ങള്‍ സംഘടിപ്പിച്ചതിനുമാണ് കേസ്.
കായികവകുപ്പ് നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സംഘാടകരും ഊര്‍ജിത ശ്രമം നടത്തി. അഫീല്‍ തന്നിഷ്ട പ്രകാരം അത്‌ലറ്റിക് മീറ്റിന് എത്തിയതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. ഇതിന്‍റെ ഭാഗമായാണ് അഫീലിന്‍റെ ഫോണിലെ കോള്‍ലിസ്റ്റ് ഉള്‍പ്പെടെ മായ്ച്ചത്. പൊലീസ് അന്വേഷണത്തിന്‍റെ വേഗതക്കുറവും തെളിവ് നശിപ്പിക്കാനുള്ള നീക്കവും കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആരോപണം ഉയര്‍ന്നു. അഫീലിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറയാനിരിക്കെയാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്. ഒക്ടോബര്‍ നാലിനാണ് പാലായില്‍ കായികമേളയ്ക്കിടെ വളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സന്‍റെ തലയില്‍ ഹാമര്‍ പതിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു അഫീല്‍ പതിനെട്ടാം ദിവസം മരിച്ചു.