കോട്ടയം : 53 വർഷം ഹൃദയത്തില്‍ ചേർത്തുവെച്ച പുതുപ്പള്ളിയില്‍ കേരളത്തിന്‍റെ ജനനായകന് നിത്യനിദ്ര. പരാതികൾ കേട്ടും പരിഹരിച്ചും ജനങ്ങളില്‍ ഒരാളായി മാറിയ പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് പതിനായിരങ്ങളെ സാക്ഷിയായി അന്ത്യയാത്ര. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്ന ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസഹസ്രം ഒഴുകിയെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും മണിക്കൂറുകൾ വൈകിയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് വെച്ച കുടുംബത്തിന്‍റെ തീരുമാനിത്തിനൊപ്പം സർക്കാർ നിന്നപ്പോൾ അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയത് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖർ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്‍റെ മൂന്നാം ദിനം നടന്ന സംസ്‌കാര ചടങ്ങുകളില്‍ തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളും വിലാപ ഗാനങ്ങളും നിറഞ്ഞുനിന്നു. കേരളത്തിന്‍റെ നാനാഭാഗത്ത് നിന്നും നദി പോലെ ഒഴുകിയെത്തിയവർ ഒരു നോക്ക് കാണാൻ കാത്തു നിന്നത് മണിക്കൂറുകളാണ്.
also read :Oommen Chandy funeral procession | നിത്യതയിലലിയാൻ പുതുപ്പള്ളിയില്‍, ജനസഹസ്രം സാക്ഷി
ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്കിലൂടെ വൈകിട്ട് അഞ്ചരയോടെ പുതുപ്പള്ളിയിലെത്തി. തറവാട്ട് വീട്ടില്‍ പൊതുദർശനത്തിന് വെച്ചപ്പോൾ കോൺഗ്രസ് നേതാക്കൻമാരും നാട്ടുകാരും ബന്ധുക്കളും അടക്കം പതിനായിരങ്ങൾ ഒഴുകിയെത്തി.