കോട്ടയം: 14 ദിവസത്തെ ഇടവേളക്ക് ശേഷം കോട്ടയത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഉഴവൂർ സ്വദേശിയായ രണ്ട് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗർഭിണിയായ അമ്മക്കൊപ്പം ഗാർഹിക നിരീക്ഷണത്തിലായിരുന്നു കുട്ടി. അമ്മയുടെ സ്രവ പരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല. കുട്ടിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ അമ്മയ്‌ക്ക് രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പതിനാല് ദിവസത്തെ ഇടവേളക്ക് ശേഷം കോട്ടയത്ത് വീണ്ടും കൊവിഡ്
മെയ് ഒമ്പതിന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ ഉഴവൂർ സ്വദേശിയായ രണ്ട് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്
കുവൈറ്റിലെ വിമാനത്താവളത്തിൽ ഇവരെയെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും വിമാനത്തിലെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ വിമാനത്തിലെത്തിയ 21 പേര്‍ കോട്ടയം സ്വദേശികളായിരുന്നു. ഇതിൽ ഒമ്പത് പേരെ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുൾപ്പെടെ 12 പേരെ ഗാർഹിക നിരീക്ഷണത്തിലും ആണ് ആക്കിയിരുന്നത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്തിലെത്തിയവരുടെ നിരീക്ഷണം കർശനമാക്കും. കഴിഞ്ഞ 27നായിരുന്നു കോട്ടയം ജില്ലയിൽ നിന്നും അവസാന കൊവിഡ് രോഗി ആശുപത്രി വിട്ടത്.