കോട്ടയം:അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചും ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചും എന്‍എസ്‌എസ് (നായര്‍ സര്‍വീസ് സൊസൈറ്റി). രാഷ്ട്രീയം പറഞ്ഞ് അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണ്.
കോൺഗ്രസിന്‍റെ പേര് പറയാതെയാണ് വിമർശനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി എന്‍എസ്‌എസ് രംഗത്തെത്തിയത്.
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്‌താവന പൂര്‍ണ രൂപം: ''ജനുവരി 22ന് അയോധ്യയില്‍ ശ്രീരാമതീര്‍ഥ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ് ചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്‌ട്രീയത്തിന്‍റെ പേര് പറഞ്ഞ് ആ സംരംഭത്തെ ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയെന്ന് വേണം പറയാന്‍.
ഏതെങ്കിലും സംഘടനകളോ രാഷ്‌ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്‌ക്കും രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കും. എന്തെങ്കിലും രാഷ്‌ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ അല്ല എന്‍എസ്എസ് ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്‍റെ പേരില്‍ രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണഘട്ടം മുതല്‍ എന്‍എസ്‌എസ് ഇതിനോട് സഹകരിച്ചിരുന്നു'' എന്നാണ് എന്‍എസ്‌എസ് പ്രസ്‌താവനയില്‍ പറഞ്ഞത്.
'ഞങ്ങളില്ലെന്ന്' കോണ്‍ഗ്രസ് നേതാക്കള്‍:അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന തീരുമാനം ഇന്നാണ് (ജനുവരി 10) കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചത്. പ്രതിഷ്‌ഠ ചടങ്ങ് ആര്‍എസ്‌എസ്-ബിജെപി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷ്‌ഠ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്.
പണി തീരാത്ത ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് രാഷ്‌ട്രീയ നേട്ടം ലക്ഷ്യം വച്ചുള്ളതാണെന്നും നേതാക്കള്‍ വ്യക്തമാക്കി. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ആര്‍എസ്‌എസും ബിജെപിയും അയോധ്യയെ രാഷ്‌ട്രീയ പദ്ധതിയാക്കിയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങ് നടക്കുന്നത് ജനുവരി 22നാണ്.
വിമര്‍ശനവുമായി സ്‌മൃതി ഇറാനി: രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കുന്നത് രാമനിലുള്ള വിശ്വാസമില്ലായ്‌മയാണെന്നും മന്ത്രി പറഞ്ഞു. അവിശുദ്ധ കൂട്ടുക്കെട്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി രാമനില്‍ വിശ്വാസമില്ലെന്ന് നേതാക്കള്‍ പൂര്‍ണമായും പറയണമെന്നും പറഞ്ഞു.
ജനാധിപത്യത്തോടും ദൈവ വിശ്വാസത്തോടും ഒരു പോലെ അര്‍പ്പണ ബോധമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരു നേതാവിനെ ലഭിച്ചത് ഭാഗ്യമാണെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
Also Read:'മതം വ്യക്തിപരമായ വിഷയം', അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്