കോട്ടയം: കെ റെയില്‍ കല്ലിടൽ നടപടികള്‍ക്കിടയില്‍ നട്ടാശേരിയില്‍ സംഘർഷം. പ്രദേശവാസികളും പൊലീസും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. സർവേ കല്ലുകൾ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു.
കെ റെയില്‍ കല്ലിടൽ നടപടികള്‍ക്കിടയില്‍ നട്ടാശേരിയില്‍ സംഘർഷം കുഴിയാലി പടിയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ സ്ഥാപിച്ച കല്ലുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുത് തോട്ടിലെറിഞ്ഞത്. സ്‌ത്രീകളടക്കമുള്ളവർ പ്രതിഷേധത്തിന്‍റെ ഭാഗമായി. ചൊവ്വാഴ്‌ച രാവിലെ 7:30ന് പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവേ കല്ല് സ്ഥാപിച്ചത്. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലുറച്ചുനിന്ന നാട്ടകം സുരേഷും പൊലീസുമായി വാക്കറ്റമുണ്ടായി.
ALSO READ:കെ റെയില്‍: പ്രതിഷേധം ശക്തം, കോഴിക്കോട് ഇന്ന് സര്‍വെ മാത്രം
കല്ലുമായി വന്നവര്‍ തിരികെ കൊണ്ടുപോയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. ഇതോടെ കല്ലിടൽ ശ്രമം തത്കാലം പൊലീസ് ഉപേക്ഷിച്ചു. സർവേ കല്ല് കയറ്റിവന്ന ലോറി പ്രദേശത്തുനിന്നും മാറ്റി. പ്രദേശത്തേക്കുള്ള വഴി പൊലീസ് താത്‌ക്കാലികമായി അടച്ചു.
പ്രായമായ സ്‌ത്രീകളടക്കമുള്ളവരെ വഴിയിൽ തടഞ്ഞുവച്ചായിരുന്നു കല്ലിടൽ നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എം.എൽ.എ പ്രദേശം സന്ദര്‍ശിച്ചു. തിങ്കളാഴ്‌ച കല്ലിടാൻ ഉദ്യോഗസ്ഥർ പ്രദേശത്തെത്തിയിരുന്നെങ്കിലും വൈകിട്ട് ആറുവരെ ജനം പ്രതിഷേധിയ്‌ക്കുകയുണ്ടായി.