കോട്ടയം:ഉരുൾപൊട്ടൽ സാഹചര്യം നേരിടുന്നതിന് ജില്ലയിലെ സംവിധാനങ്ങൾ പൂർണ്ണ സജ്ജമെന്ന് തെളിയിച്ച് മോക്ഡ്രിൽ. എരുമേലി തുമരംപാറയിൽ ഗ്രാമ പഞ്ചായത്തിൻ്റെയും പ്രദേശവാസികളുടെ സഹകരണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം പ്രതീകാത്മകമായി സൃഷ്ടിച്ചാണ് ദുരന്തനിവാരണ ശേഷി പരീക്ഷിച്ചത്.
പൊലീസ്, ഫയർ ആൻ്റ് റെസ്ക്യൂ സർവീസസ്, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകൾ, ജനപ്രതിനിധികൾ, ആപ്തമിത്ര വോളണ്ടിയർമാർ, സന്നദ്ധ പ്രവർത്തക സംഘടനയായ ടീം നന്മകൂട്ടം എന്നിവ ചേർന്ന് പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച് തുമരം പാറ സർക്കാർ ട്രൈബൽ സ്കൂളിലെ റിലീഫ് ക്യാമ്പിലേക്ക് മാറ്റി. വീടുകളില്‍ നിന്നൊഴിപ്പിച്ച 17 പേര്‍ക്കും ആരോഗ്യ വകുപ്പ് കൊവിഡ് പരിശോധന നടത്തി കൊവിഡില്ലെന്ന അറിയിപ്പ് നല്‍കി.
ഉരുൾപൊട്ടൽ സാഹചര്യം നേരിടുന്നതിന് കോട്ടയം ജില്ല സജ്ജം; മോക്ഡ്രിൽ വിജയം - കോട്ടയം ജില്ലയില്‍ മോക്ഡ്രിൽ വിജയകരം
എരുമേലി തുമരംപാറയ്ക്കു സമീപം മണ്ണിടിച്ചിൽ ഉണ്ടാകുന്ന സാഹചര്യം പ്രതീകാത്മകമായി സൃഷ്ടിച്ചാണ് ദുരന്തനിവാരണ ശേഷി പരീക്ഷിച്ചത്.
സ്കൂളിൽ പൊലീസ് കൺട്രോൾ റൂം തുറന്നു. മണ്ണിടിഞ്ഞ് വീണ് പരിക്കേറ്റവരെ സി.പി.ആർ. അടക്കമുള്ള പ്രഥമ ശുശ്രുഷ നല്‍കി ഏറ്റവും അടുത്തുള്ള മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിലെത്തിച്ചു. സംഭവ സ്ഥലത്തു നിന്ന് നാലരക്കിലോ മീറ്റർ ദൂരം വരുന്ന ആശുപത്രിയിലേക്ക് ഏഴു മിനിറ്റിനകമാണ് എത്തിച്ചത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ ബാബുക്കുട്ടൻ രക്ഷാ പ്രവർത്തന ദൗത്യത്തിന് നേതൃത്വം നല്‍കി. കലക്ട്രേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്ററിൽ സജ്ജമാക്കിയ സംവിധാനത്തിലൂടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഡോ. പി.കെ ജയശ്രീ, ഇൻസിഡൻ്റ് കമാണ്ടറായ എഡിഎം ജിനു പുന്നൂസ് എന്നിവർ മോക്‌ഡ്രില്‍ നടപടികള്‍ വിലയിരുത്തി.