കോട്ടയം:തീവ്രമഴയെ തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡ് ഗതാഗതം തടസപ്പെട്ടെങ്കിലും ആദ്യ ഉരുൾ പൊട്ടി മണിക്കൂറുകൾക്കകം സ്ഥലം എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനൊപ്പം താൻ കൂട്ടിക്കലിൽ നേരിട്ടെത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ വി.എന്‍ വാസവനും കെ.രാജനും ഉദ്യോഗസ്ഥ സംഘവും വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ അവഗണിച്ചതായുള്ള ആരോപണം വാസ്‌തവ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്‌ടപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മഴമാറി സാഹചര്യം അനുകൂലമായാലും ഉടന്‍ വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് പരിശോധിക്കും. പ്രളയത്തില്‍ നാശനഷ്‌ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.