കോട്ടയം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് കണ്ടെത്തുന്നതിന് യു.കെ. ആസ്ഥാനമായുള്ള അക്കാദമിക് പ്രസിദ്ധീകരണ സ്ഥാപനമായ ടൈംസ് ഹയർ എജ്യൂക്കേഷൻ 2021 വർഷത്തേക്ക് നടത്തിയ റാങ്കിങ്ങിൽ 154-ാം സ്ഥാനം നേടി മഹാത്മാഗാന്ധി സർവകലാശാല. ഇന്ത്യയിലെ മറ്റ് പല പ്രശസ്ത സർവകലാശാലകളേയും മറികടന്നാണ് എം.ജി സർവകലാശാല ഈ അപൂർവനേട്ടം കരസ്ഥമാക്കിയത്.
ജവഹർലാൽ നെഹ്റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, പഞ്ചാബ് സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങളെക്കാൾ റാങ്കിങ്ങിൽ എം.ജി. സർവകലാശാല മുന്നിലാണ്. എം.ജി സർവകലാശാലയെ കൂടാതെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്‍റ് ടെക്‌നോളജിയും (കുസാറ്റ്) റാങ്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ ഐ.ഐ.ടികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 37 മുതൽ 144 വരെയുള്ള സ്ഥാനങ്ങൾ നേടി റാങ്കിങ്ങിൽ മുന്നിലെത്തിയിട്ടുണ്ട്.